സ്പിതി താഴ്വരയിലേക്ക് #Episode 04 : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസും ഗ്രാമവും | Spiti Malayalam Travelogue




Episode 1: Click here
Episode 2: Click here
Episode 3 : Click here

“ഒരു കാര്യം ചെയ്യൂ നിങ്ങളിവിടെ ഇരുന്നു കത്തെഴുത്തു , ഞങ്ങൾ കുറച്ചു കഴിഞ്ഞു വരാം.കുറച്ചു ജോലി ബാക്കിയുണ്ട് അതാ “
ലോകത്തിലെ ഏറ്റവും ഉയരും കൂടിയ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ Rinchen Chhering ന്റെ കൊച്ചുമോന്റെ ഡയലോഗാണിത്. ഇത്തിരി പോന്ന പീക്കിരിക്കു എന്ത് ജോലിയാണാവോ തീർക്കാനുള്ളത് . കൂടിപോയാ ഒരു മൂന്ന് വയസുകാണും.അവനെയും കുറ്റം പറയാൻ പറ്റത്തില്ല. ഞങ്ങൾ ഈ എഴുത്തു തുടങ്ങിയിട്ട് സമയം കുറച്ചായ്യേ.എന്ന് കരുതി എഴുതി പൊലിപ്പിക്കുമോന്നുമല്ല ഞങ്ങൾ.ഏതാണ്ടൊക്കെ ഒന്നോ രണ്ടോ വരിയിലൊതുക്കി അവസാനിപ്പിക്കുന്നു.എന്റെ കയ്യിൽ ഇരുപത്തിയഞ്ചു കാർഡുണ്ട് ബാസിലിന്റെ കയ്യിൽ ഒരു പത്തെണ്ണം കാണും.വിലാസങ്ങൾ ഇന്നലെ എഴുതി വച്ചതു നന്നായി ഇല്ലെങ്കിൽ ഒരു മണിക്കൂർ കൂടെ അതിനു വേണ്ടി വന്നേനെ.
ചെക്കനും പോസ്റ്റ് മാസ്റ്ററും പുറത്തു പോയി.ഞങ്ങൾ എഴുത്തു മഹായന്ജം തുടർന്നു

---------------------------------------------------------------------------------------


മൂന്നാം എപ്പിസോഡിൽ പറഞ്ഞതുപോലെ കീ മൊണാസ്ട്രിയും ലാങ്‌സായും കണ്ടു കഴിഞ്ഞു ഇനി ബാക്കിയുള്ളത് കോമികും ഹിക്കിമുമാണ്.ലാങ്‌സായിൽ നിന്ന് ഞങ്ങൾ പോയത് കോമിക്കിലേക്കാണ്. പോകുന്നവഴിയിൽ ഇടയ്ക്കു വണ്ടി നിർത്തി .മഞ്ഞു കണ്ടപ്പോൾ വീണ്ടും ഞങ്ങൾ കുഞ്ഞു പിള്ളേരായി.ചുമ്മാ നടന്നു.ബാസിൽ ആണെകിൽ മഞ്ഞിൽ കിടന്നു.തണുത്തു പണ്ടാരമടങ്ങിയപ്പോൾ ഞങ്ങൾ കളി നിർത്തി.ലോകത്തിലെ ഏറ്റവും ഉയരത്തിൽ റോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്രാമമാണ് കോമിക്.കോമിക് മൊണാസ്ട്രിയുടെ താഴെയാണ് ഈ കൊച്ചു ഗ്രാമം.ജനസംഖ്യ ഇരുനൂറു മാത്രം.ഞങ്ങൾ രണ്ടാളും രണ്ടു വഴിക്കു നടന്നു.ഞാൻ ഒരു മൊണാസ്ട്രി ചുറ്റി.ഗ്രാമത്തിന്റെ മുകളിൽ നിന്നു കുറച്ചു നേരം.ബാസിൽ വേറെ വഴിക്കു പോയി.ഒരു ലാമ 108 മുത്തുകളുള്ള മാലയുമായി മന്ത്രങ്ങൾ ജപിച്ചു മൊണാസ്ട്രി ചുറ്റി നടക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.ബാസിൽ ഈ വഴി വരുന്നതും നോക്കി ഇരുന്നു മടുത്തപ്പോ അവനെ കണ്ടുപിടിക്കാൻ പോയി.ലണ്ടനിലെ ഒരു ക്ലബ് തുടങ്ങി വച്ച ഗ്രീൻഹൗസിന്റെ പുറകിൽ നിപ്പുണ്ടായിരുന്നു ആൾ.ബാസിൽ അടച്ചിട്ടിരിക്കുന്ന മൊണാസ്ട്രിയുടെ മേൽക്കൂര പൊളിച്ചു അകത്തു കയറും എന്ന് ബോധ്യമായപ്പോൾ ലാമ ഞങ്ങളെ രണ്ടാളേം വിളിച്ചു.

പൊതുവെ ശാന്തരായാ ഇവരുടെ തെറിയും കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് ഞങ്ങൾ അടുത്തേക് ചെന്നു.അദ്ദേഹം വാതിൽ തുറന്നിട്ടു അകത്തു കയറി കണ്ടോളൂ എന്ന് പറഞ്ഞു.
ഹാവൂ ഇവരുടെ ടിബറ്റൻ തെറി കേൾക്കേണ്ടി വന്നില്ലല്ലോ സമാധാനം.
കോമിക്കിൽ ഒരു ഓർഗാനിക് റെസ്റ്റോറന്റ് ഉണ്ട്.പക്ഷെ വിന്റർ ആയതുകൊണ്ട് അതടിച്ചിട്ടിരിക്കുകയാണ് .


ഒരു നായ മഞ്ഞിന്റെ കട്ട തലയണയാക്കി ഉറങ്ങുന്നു. അതിന്റെ അടുത്തു നമമുടെ ഡ്രൈവർ ലുബ്‌സാങ്ങും ഒരു നാട്ടുകാരനും നില്കുന്നു.നാട്ടുകാരന്റെ മോനും കൂടെയുണ്ട്.അവനൊരു മിട്ടായി കൊടുത്തപ്പോ ചെക്കൻ ചിരിച്ചു.കുറച്ചൂടെ മിട്ടായിയും കൊടുത്തു അവന്റെ കൂടെ ഞങ്ങൾ മൂന്നാളും ഉള്ള സെല്ഫിയുമെടുത്തു ഹിക്കിമിലേക്കു വണ്ടി വിട്ടു.
ഹിക്കിമിലെ കുട്ടികൾ ചോക്ലേറ്സ് ചോദിക്കും.അതുകൊണ്ടു ഒരു വലിയ പാക്കറ്റ് മിട്ടായി ഞാൻ കയ്യിൽ കരുതിയിട്ടുണ്ട്.ഹിക്കിം വില്ലേജിന് മുകളിൽ വണ്ടി നിർത്തി.
“ഞങ്ങൾ കുറച്ചു സമയമെടുക്കുംട്ടോ “
ഞങ്ങൾ ഒരു ജാമ്യമെടുക്കാൻ ശ്രെമിച്ചതാ.പക്ഷേ ലുബ്‌സാങിനും അതായിരുന്നു വേണ്ടത്.
“സാരമില്ല ഞാൻ അതുവരെ ഒന്നുറങ്ങാം. ഇന്നലെ ശെരിക്കും ഉറങ്ങാൻ പറ്റിയില്ല “
“എന്നാ അങ്ങനെയാകട്ടെ “
അതാ കുറച്ചു പിള്ളേർ കൂട്ടം കൂട്ടമായി നടക്കുന്നു.അവർ എന്നെ കൈ കാണിക്കുന്നു.
ഇനിയിപ്പോ എന്റെ തോന്നലാണോ ?
ഞങ്ങൾ താഴേക്കിറങ്ങി.കുറച്ചു ദൂരം നടന്നപ്പോഴേക്കും പിള്ളേർ അടുത്തെത്തി.
“എവിടെക്കാ പോവുന്നെ “ (ഓഹ് ഒന്നും അറിയാത്തപോലെ )
“പോസ്റ്റ് ഓഫീസിലേക്ക് “
“ദാ അതിലേ പോയാ മതി “
അങ്കിൾ ചോക്ലേറ്റ് തരൂ “
(ഹിക്കിമിലെ ഹമുക്കകളെ, ഞങ്ങളെ കണ്ടിട്ട് അങ്കിളേ എന്നോ ? എങ്ങനെ തോന്നി ഇങ്ങനെ കുത്തി നോവിക്കാൻ . പിള്ളേരായതുകൊണ്ടു ഞാൻ ക്ഷമിച്ചു )
“തരാം തരാം ഞാൻ കൊണ്ടുവന്നിട്ടുണ്ട് “
പറയണ്ട താമസം കുഞ്ഞു കൈകൾ എന്നിലേക്കു നീണ്ടു ചിലരുടെ രണ്ടു കയ്യും നീണ്ടിട്ടുണ്ട്.ചിലർ പുറകിൽ നിന്ന് ഓടി വരുന്നു.എല്ലാവര്ക്കും ഒരുപാട് കൊടുത്തു.കൂടെയൊരു ഫോട്ടോയുമെടുത്തു ഞങ്ങൾ പോസ്റ്റ് ഓഫീസിലേക്ക് ചെന്നു .

ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.ഇതിന്റെ താഴെയാണ് പോസ്റ്റ് മാസ്റ്റർ താമസിക്കുന്നത്.ഞങ്ങൾ അതിലെ ഇതിലെ നടന്നു കുറച്ചു നേരം.ഒന്നരയ്ക്ക് തുറക്കുമെന്ന് കരുതി ഞങ്ങൾ അവിടെ ഇരുന്നു. പോസ്റ്റ് മാസ്റ്ററും കൊച്ചുമോനും വന്നു.കൊച്ചുമോൻ വല്യ ആളുകളെപോലെ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു.
“ചെരുപ്പൊന്നും ഊരണ്ട ഇങ്ങു കേറി പോരെ “
അവൻ പറഞ്ഞു. കുഞ്ഞു കാർന്നോർക്കും കൊടുത്തു കുറച്ചു മിട്ടായി.
ഞാനെന്റെ കാർഡുകൾ പുറത്തെടുത്തപ്പോൾ അങ്ങേരൊന്നു ഞെട്ടി.ഇത് എന്തൊരുവാ അൻപതെണ്ണമോ ?
“അല്ല വെറും ഇരുപത്തിയഞ്ചെണ്ണം മാത്രം “ (ഹിഹിഹി )

മലയാളത്തിൽ എഴുതുന്നത് കണ്ടപ്പോ ഒരെണ്ണം വാങ്ങി അദ്ദേഹം നോക്കി.ഇതെന്തുട്ടാ സാധനം എന്ന മട്ടിൽ ഒരു നോട്ടവും.
ഞങ്ങളുടെ എഴുത്തു ഏതാണ്ട് പകുതിയായപ്പോൾ വേറൊരു കൂട്ടർ വന്നു.അവരുടെ കയ്യിൽ വിലാസം പോലുമില്ല.ഇന്ത്യയിലെ എല്ലാ പിൻകോഡുകളുമുള്ള ബുക്കുണ്ട് അവിടെ.അതും തുറന്നു വച്ചു അപ്പൊ തന്നെ വിലാസമുണ്ടാക്കി അവരും തുടങ്ങി കത്തെഴുതാൻ .
“ഇവരൊക്കെ ആദ്യമായിട്ട് പോസ്റ്റ് ഓഫീസ് കാണുന്നവരാ എന്ന് തോന്നുന്നു എബി “
ബാസിൽ എന്നോട് കോഡ് ഭാഷയിൽ (മലയാളത്തിൽ ) പറഞ്ഞു.
വേറെ ഒരുത്തൻ കൂടി കേറി വന്നു.നിരത്തി വച്ചിരിക്കുന്ന കാർഡുകൾ കണ്ടു അവന്റെ ചോദ്യം
“ഇതെന്താ വിൽക്കാൻ വച്ചിരിക്കുന്ന ഫോട്ടോസാണോ “
“അത് പോസ്റ്റ് കാർഡാണ് ഭായി “
“അതല്ല ഇത് എന്താണ് “
“അതാണ് പോസ്റ്റ് കാർഡ് “
“ഇതിലപ്പോ എവിടെ എഴുതും “
(ഞാൻ സുല്ലിട്ടു.ക്ഷമയുടെ പര്യായമായ പോസ്റ്റ് മാസ്റ്റർ Rinchen Chhering പറഞ്ഞു കൊടുത്തു ബാക്കി )
ഇവനൊക്കെ എവിടന്നു വരുന്നു.ഇവനെങ്ങനെ ഇവിടെ വന്നുപ്പെട്ടു ? ഞങ്ങളിവിടെ സ്റ്റാമ്പ് വരെയായിട്ടാണ് വന്നിരിക്കുന്നത്. ഇവൻ ഇവിടെ കേറി വന്നു ചായ ചോദിച്ചില്ലലോ അത് തന്നെ ഭാഗ്യം .
“സാർ 1984 മുതൽ ഇവിടെയാണല്ലെ “
“അല്ല 1983 മുതൽ “
ഏതാണ്ട് മുപ്പത്തിയഞ്ചു കൊല്ലമായി ഈ ചെറിയ ഗ്രാമത്തിൽ ഇദ്ദേഹം ജോലി ചെയുന്നു.ഹിക്കിമിനെ പറ്റി വായിച്ചിട്ടുള്ള എല്ലാ ലേഖനങ്ങളിലും ഇദ്ദേഹത്തെ പറ്റി നല്ലതേ വായിച്ചിട്ടുള്ളു.നേരിട്ട് കാണുമ്പോൾ അത് ബോധ്യമാവും.
(ശെരിക്കും ഇതിലും ഉയരത്തിലൊരു പോസ്റ്റ് ഓഫീസുണ്ട് എവറസ്റ് ബേസ് കാമ്പിലുണ്ട്.2008 ൽ തുടങ്ങിയതാണത്‌ .അതൊരു താത്കാലിക സെറ്റ് അപ്പ് ആണെന്നൊക്കെ വാദിച്ചു ഇപ്പോഴും നമ്മുടെ ഹിക്കിം തന്നെയാണ് ഉയരത്തിൽ എന്ന് വിശ്വസിച്ചു പോരുന്നു )

സ്റ്റാമ്പിൽ പശ തേച്ചു ഒട്ടിക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ പോസ്റ്റ് മാസ്റ്റർ പറഞ്ഞു എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നേ തുപ്പൽ വച്ചു ഒട്ടിക്കൂ അതാണ് ബെസ്റ് .ബാസിലിനു അങ്ങേരു തന്നെ കുറെ ഒട്ടിച്ചു കൊടുത്തു.എല്ലാം ഏൽപിച്ചു പുറത്തിറങ്ങി ഒരു ഫോട്ടോയുമെടുത്തു ഇറങ്ങാൻ തുടങ്ങുമ്പോൾ കാർന്നോർ കൊച്ചുമോൻ അവന്റെ ഗാങ്ങുമായി കളിയിലാണ്.അവർക്കെല്ലാം വീണ്ടും മിട്ടായിയും കൊടുത്തു.ഞങ്ങളുടെ ഹോംസ്റ്റേയിലെ കൽദീൻ കൊച്ചിന് കുറച്ചു ബാക്കിയുണ്ടെന്നു ഉറപ്പു വരുത്തി ഞങ്ങൾ തിരിച്ചു കാറിൽ കയറി.അങ്ങകലെ ഒരു ചെറിയ കെട്ടിടം കാണാം.ആ വഴി പോവാം എന്ന് ഞങ്ങൾ ലുബ്‌സാങ്ങിനോട് പറഞ്ഞു.അവിടെത്തിയപ്പോൾ ആ കുന്നിന്റെ മോളിൽ കയറാനൊരു മോഹം. ആഗ്രഹം പറഞ്ഞപ്പോൾ നിങ്ങൾ പോയി ശ്രെമിച്ചു നോക്കൂ എന്ന് ലുബ്‌സാങ്ങിന്റെ കമ്മന്റ്.


ഞങ്ങൾ ചാടിയിറങ്ങി.മഞ്ഞിലൂടെ നടന്നു നടന്നു മുകളിലെത്തി.ഒരു കെട്ടിടം പൂട്ടി കിടക്കുന്നു.പുറകിലേക്കു ചെന്നപ്പോൾ പണ്ടെങ്ങോ ഒരു വലിയ കെട്ടിടങ്ങൾ ഉണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങൾ .ഞങ്ങൾ കുന്നിന്റെ മറു വശത്തേക്ക് കുറചു ഇറങ്ങി. താഴേക്ക് നോക്കുമ്പോ പേടിയാകും. അകലെ കാസാ ടൗണും കാണാം.



താഴെ ഒരു തോട് എന്ന് വിളിക്കാവുന്ന വീതിയിൽ ഒരു കുഞ്ഞു പുഴ.തണുത്തു ഉറച്ചിരിക്കുന്നു.അതിലൂടെ നടക്കണമെന്ന് രണ്ടാൾക്കും ആഗ്രഹമായുണ്ടായിരുന്നു.പക്ഷേ മുകളിൽ ഇരിക്കുന്ന കല്ലുകൾ എപ്പോൾ വേണമെങ്കിലും താഴേക്കു ചാടാം.അവിടെ നിന്ന് കാണുന്ന ലാൻഡ്‌സ്‌കേപ്പുകൾ വർണിക്കാൻ സഞ്ചാരിയിലെ മൂത്ത എഴുത്തുകാർക്കും സാധിക്കുമെന്നു തോന്നുന്നില്ല.അത്ര മനോഹരം.ഇവരൊക്കെ എത്ര ഭാഗ്യമുള്ളവരാണ് എന്നാണ് ബാസിൽ പറയുന്നത് എന്നും ഇതൊക്കെ കാണാമല്ലോ.എന്റെ അഭിപ്രായം തിരിച്ചായിരുന്നു.ഇവർ നമ്മുടെ നാട് കണ്ടാൽ ഇതേ അഭിപ്രായം പറയും.ഇവർക്ക് ചിലപ്പോൾ കടൽ കാണാനാവും ആഗ്രഹം.

ആദ്യം ഞങ്ങൾ നടന്നു വന്ന അതെ മഞ്ഞിലൂടെ ഞങ്ങൾ തിരികെ നടന്നു.ബാസിൽ മച്ചാൻ മഞ്ഞു കണ്ടപ്പോ വീണ്ടും കിടന്നു.വന്ന വഴിയല്ലാതെ വേറെ വഴിയിലൂടെ നടക്കാൻ ശ്രെമിച്ച എന്റെ കാൽ മഞ്ഞിൽ താഴ്ന്നു പോയി.
രണ്ടാൾക്കും നല്ല വിശപ്പുണ്ട്.ഞങ്ങളെ കാസ ടൗണിൽ വിട്ടു.മായാ കിച്ചണിൽ കയറി മായ ചേച്ചി ഉണ്ടാക്കിയ ശെരിക്കും വേവാത്ത തുക്പയും കഴിച്ചു ഞങ്ങൾ ഹോം സ്റ്റേയിലെക് നടന്നു.വഴിയിലൂടെ വല്യ വായിൽ മലയാളം പറഞ്ഞു നടന്ന ഞങ്ങളെ ഒരു പുച്ഛിസ്റ്റ് മലയാളി ചേട്ടൻ തിരിച്ചറിഞ്ഞു.
“അയ്യേ നിങ്ങൾ ഇത്രേം പെട്ടെന്നു പോവുകയാണോ,
അയ്യേ അവിടെ കാണാൻ എന്തുണ്ട്.
അയ്യോ അവിടെ പോയില്ലേ,........”
(ചുരുക്കി പറഞ്ഞാൽ ആളൊരു സംഭവം ബാക്കിയെല്ലാരും മണ്ടന്മാർ)

അയാളിൽ നിന്നും രക്ഷപെട്ടു ഞങ്ങൾ ഹോം സ്റ്റേയിലെത്തി.ചായയും കുടിച്ചു ഞങ്ങൾ പുഴക്കരയിലേക്കിറങ്ങി.അകലെ കുറച്ചു പീക്കിരികൾ ഒരു കുന്നിന്റെ മുകളിൽ നിന്ന് ഊർന്നു ഊർന്നു താഴേക്കു വരുന്നു. മൂന്നും അടുത്തടുത്തിരിക്കും എന്നിട്ടു “കീ ഹൂ “ എന്നിങ്ങനെ ഏതാണ്ടൊക്കെ ശബ്ദമുണ്ടാക്കി താഴേക്കു.താഴെ എത്തിയ ഉടനെ തിരികെ മുകളിലേക്കു വലിഞ്ഞു കയറും.
ഞാൻ അതെല്ലാം നോക്കി നിന്നപ്പോൾ ബാസിൽ കല്ലുകൾക്ക് മുകളിൽ കല്ലുകൾ കയറ്റി വയ്കുകയായിരുന്നു.അവന്റെ നാട്ടിൽ വീടിനടുത്തു പുഴയുണ്ടു
“എത്ര നാളായി ഒരു പുഴ കണ്ടിട്ട് “
“ഡൽഹിയിലെ യമുനാ നദിയൊന്നും പോരേ നിങ്ങൾക്കു “?
“അതൊക്കെ ഒരു പുഴയാണോടോ “
നാട്ടിലെ പുഴ തന്നെയാണ് ബാസിലിനു വലുത്.യമുനയല്ല നൈൽ നദി വന്നാലും ബാസിലിനു അങ്ങനെ തന്നെ.
നല്ല മാരക തണുപ്പ് പോരാത്തതിന് നല്ല കാറ്റും.നല്ല വെള്ളമൊഴുകുന്ന ശബ്ദമല്ലാതെ വേറൊന്നും കേൾക്കാനില്ല.ഒരു കട്ടൻ ചായ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.

നാളെ രാവിലെ ബാസിൽ തിരിച്ചു പോവും.എനിക്കാണെങ്കിൽ പ്രേത്യേകിച്ചു പ്ലാൻ ഒന്നുമില്ല.മുദ് വില്ലേജിൽ പോകണമെന്നുണ്ട്.പക്ഷേ ഷെയർ ടാക്‌സികൾ വൈകുന്നേരമേ ഉള്ളൂ ടാക്സി വിളിച്ചു പോവാനൊരു മടി.ഒന്നും നടന്നില്ലെങ്കിൽ ബാഗും തൂക്കി ചുമ്മാ നടക്കാം .
ഞങ്ങൾ തിരികെ ഹോം സ്റ്റേയിലേക്ക് നടന്നു.ഇന്ന് എന്തൊക്കെ കഴിക്കേണ്ടി വരുമോ ആവോ.സോനം ആന്റി ഞങ്ങളെ വണ്ണം വെപ്പിച്ചിട്ടേ തിരികെ വിടൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുവാണെന്ന് തോന്നുന്നു.


(തുടരുമെന്ന് പ്രത്യേകം പറയണ്ടല്ലോ )

No comments

Powered by Blogger.