സ്പിതി താഴ്വരയിലേക്ക് #Episode 05 കുസൃതി കൽദീൻ | Spiti Malayalam Travelogue
"സ്നേഹം കൊണ്ട് തരുമ്പോ വേണ്ടായെന്നു പറയാതെടോ മനുഷ്യാ,ഇതിൽ സ്നേഹത്തിന്റെ രുചി കൂടിയുണ്ട്.കുറച്ചൂടെ കഴിക്കു "
ബാസിലിന്റെ വയറു നിറഞ്ഞപ്പോ ഞാൻ അവനെ പുച്ഛിച്ചതാണ്.ഈ ഒരൊറ്റ തെറ്റേ ഞാൻ ചെയ്തുള്ളൂ .അടുത്ത ദിവസം എപ്പോഴൊക്കെ ഞങ്ങളുടെ ഹോംസ്‌റ്റേയിൽ നിന്ന് ഭക്ഷണം കഴിച്ചോ അപ്പോഴൊക്കെ ബാസിൽ ഈ ഡയലോഗ് ഓർമിപ്പിച്ചു തിരിച്ചടിച്ചു.സോനം ആന്റിയും മകൾ യാഷി ചേച്ചിയും ഞങ്ങളെ വണ്ണം വെപ്പിച്ചിട്ടേ തിരികെ വീടു എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്.
---------------------------------------------------------------
റൂം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടന്ന ഞങ്ങൾ അപ്രതീക്ഷമായാണ് സോനം ആന്റിയെ കണ്ടത്.പുള്ളികാരത്തി ടാങ്കിൽ വെള്ളം നിറയ്ക്കുകയായിരുന്നു.ഒരുപക്ഷേ ആ സമയത്തു അവിടെ അവരെ കണ്ടില്ലെങ്കിൽ ഞങ്ങൾ വേറെ സ്ഥലം നോക്കി പോയേനെ.ഭാഗ്യത്തിന് ഞങ്ങൾക്ക് അവരോടു റൂമുണ്ടോ എന്ന് ചോദിക്കാനും തോന്നി.ഇപ്പോൾ സ്പിതിയിലെ കിടിലൻ കാഴ്ചകൾക്കൊപ്പം വീണ്ടും വീണ്ടും ഓർക്കാൻ ആഗ്രഹിക്കുന്ന ഓർമകളാണ് ആ ഹോം സ്റ്റേയിൽ നിന്നും കിട്ടിയത്.
അതുകൊണ്ടാണ് അവരെപ്പറ്റി തന്നെ ഒരു ഭാഗം എഴുതണമെന്നു കരുതിയതും.
ഒന്നാം ദിവസത്തെ അത്താഴം
------------------------------------
------------------------------------
രാത്രിയിലേക്ക് ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ പിന്നീട് പറയാമെന്നു പറഞ്ഞു ടൗണിൽ പോയി.അവിടൊന്നും കിട്ടില്ല എന്ന് മനസിലായപ്പോൾ തിരികെ വന്നു സോനം ആന്റിയോട് കാര്യം പറഞ്ഞു.നേരത്തെ പറയത്തില്ലായിരുന്നോ, പറഞ്ഞിരുന്നെകിൽ സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കാമായിരുന്നു.ഞങ്ങൾ ഉണ്ടാകുന്ന ഭക്ഷണം മതിയോ ?
"അത് ധാരാളം "
"എങ്കിൽ ശരി, റെഡിയാവുമ്പോൾ വന്നു വിളിക്കാം "
നടുവിലുള്ള മുറിയിൽ ചൂട് കായാനൊരു സംവിധാനമുണ്ട്. അതിനു ചുറ്റും ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം .വീട്ടിലെ അംഗങ്ങളെയൊക്കെ അപ്പോഴാണ് പരിചയപ്പെട്ടത്.സോനം ആന്റിയുടെ ഭർത്താവ്, മകൻ ടെൻസിൻ ,ടെൻസിന്റെ ഭാര്യ രണ്ടു മക്കൾ .മൂത്തയാൾ രണ്ടു വയസുകാരി കുസൃതി കൽദീൻ ,ഇളയത് ജനിച്ചിട്ട് കുറച്ചായാതെ ഉള്ളു.പിന്നെ ടെൻസിന്റെ അനിയത്തി യാഷി ചേച്ചിയും.
കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ എവിടത്തെയുംപോലെ അവർക്കും സന്തോഷം.ഒരു കുഞ്ഞാവ അകത്തുണ്ടെന്നു വൈകുന്നേരം മനസ്സിലായിരുന്നു.അതുകൊണ്ടു കുറച്ചു മിട്ടായിയും ഒരു വലിയ sneakers ഉം ഞാൻ കരുതിയിരുന്നു.മിട്ടായിയോക്കേ വാങ്ങിയെങ്കിലും ആദ്യം ആൾ അടുത്തില്ല.പയ്യെ പയ്യെ അടുത്ത് വന്നു.പിന്നെ കമ്പനിയായി.ഇവർ സംസാരിക്കുന്നതു ടിബറ്റൻ ഭാഷയുടെ ചെറിയൊരു വകഭേദമായ സ്പിറ്റി ഭാഷയാണ്.ലഡാക്കിലും അരുണാചൽ പ്രാദേശിലുമെല്ലം ഇതുപോലെ ടിബറ്റൻ ഭാഷയാണ്.സ്‌കൂളിൽ എല്ലാം ഹിന്ദിയിലാണ് എങ്കിലും ആറാം ക്ലാസു വരെ അവരുടെ ഭാഷയും പഠിപ്പിക്കും.ടിബറ്റൻ ഭാഷയല്ലേ പഠിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ യാഷി ചേച്ചി പറഞ്ഞ മറുപടി ഇതാണ്.
"ഞങ്ങൾ കുറച്ചു പേരല്ലേ ഉള്ളൂ , പിന്നെ ഹിന്ദി പഠിച്ചില്ലെങ്കിൽ ജോലി കിട്ടില്ല, എങ്കിലും ഇപ്പോൾ ഇതിനെതിരെ പ്രതിക്ഷേധം ഉയരുന്നുണ്ട് "
കൽദീൻ മോൾക്ക് ഹിന്ദി അറിയില്ല.രണ്ടു വയസ്സല്ലേ ആയിട്ടുളളൂ.എങ്കിലും അച്ഛൻ എപ്പോഴും കളിയാക്കും
"അയ്യേ ഈ പെണ്ണിന് ഹിന്ദി ഒന്നും അറിയില്ലാ അയ്യേ അയ്യേ .."
കൽദീനിന്റെ കളികൾ കണ്ടിരുന്നപ്പോഴേക്കും ആലൂ മോമോസ് കൊണ്ടുവന്നു.കൂടെ ബാർലി സൂപ്പും .
മോമോസ് ഡൽഹിയിൽ കിട്ടുന്നപോലത്തെ പീക്കിരിയല്ല.നല്ല മുഴുത്ത മോമോസ്.രുചിയും കൊളളാം മസാലകൾ ഇട്ടു വെറുപ്പിച്ചിട്ടില്ല .ചുരുക്കി പറഞ്ഞാൽ നല്ല authenitc മോമോസ്.ബാസിൽ ബസ്സിൽ വരുന്ന വഴിക്കു കഴിച്ച യമണ്ടൻ മട്ടൻ മോമോസിന്റെ കാര്യം മൂന്നാം എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ .അതുകൊണ്ട് ആൾക്ക് വിശപ്പ് കുറവാണു.
മോമോസ് ഡൽഹിയിൽ കിട്ടുന്നപോലത്തെ പീക്കിരിയല്ല.നല്ല മുഴുത്ത മോമോസ്.രുചിയും കൊളളാം മസാലകൾ ഇട്ടു വെറുപ്പിച്ചിട്ടില്ല .ചുരുക്കി പറഞ്ഞാൽ നല്ല authenitc മോമോസ്.ബാസിൽ ബസ്സിൽ വരുന്ന വഴിക്കു കഴിച്ച യമണ്ടൻ മട്ടൻ മോമോസിന്റെ കാര്യം മൂന്നാം എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ .അതുകൊണ്ട് ആൾക്ക് വിശപ്പ് കുറവാണു.
"ഒന്നും പറയാണ്ടിരുന്നു കഴിക്കൂ ചെക്കാ,അവർ സ്നേഹത്തോടെ തരുമ്പോ ഓരോന്നിങ്ങനെ പറയരുത് "
നല്ല വിശപ്പുണ്ടായിരിക്കുന്ന ഞാൻ മോമോസ് ഓരോന്നായി തിന്നുകൊണ്ടു ബാസിലിനെ ഉപദേശിച്ചു.
സൂപ്പും കൂടെ കുടിച്ചാൽ മതിയല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് ചോറും പരിപ്പുകറിയുമായി രണ്ടാം റൌണ്ട് കൂടിയുണ്ടെന്ന് മനസിലായത്.
(കുടുങ്ങിയല്ലോ )
ഒരുവിധം അതും അകത്താക്കി.ഞങ്ങളും കൂടെ അത്താഴത്തിനു ഉണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടാക്കിയതാണത്രേ.
അതുകൊണ്ടു വേണ്ടാ എന്നു പറയാനും പറ്റില്ല .
അതുകൊണ്ടു വേണ്ടാ എന്നു പറയാനും പറ്റില്ല .
വർത്താനമൊക്കെ പറഞ്ഞിരുന്നുകൊണ്ടു ഒരുവിധം ഞങ്ങൾ അതും തീർത്തു തീർത്തു .
ടിവിയിൽ ബീഹാറിലെ ഒരു പ്രെശ്നമാണ് കാണിച്ചു കൊണ്ടിരിക്കുന്നു.ഇവർക്ക് ആകെയുള്ള ഡിജിറ്റൽ വിനോദം ടിവിയാണ്.bsnl മാത്രമേ അവിടെ കിട്ടു.അതും വച്ച് ഫേസ്ബുക് പോലും തുറക്കാനാവില്ല.നമ്മളെപ്പോലെ അതിനു അവർ അടിമപ്പെടാത്തവർ ആയതുകൊണ്ട് അവർക്കതിൽ ഒരു ബുദ്ധിമുട്ടുമില്ല.
ടെൻസിൻ ചേട്ടനും അവരുടെ അച്ഛനും കേരളത്തെ പറ്റിയും സൗത്ത് ഇന്ത്യയെ പറ്റിയുമെല്ലാം ഒരുപാട് ചോദിച്ചു.
"നിങ്ങൾക്കിവിടെ ഒരുപാട് വികസനം വേണമെന്നുണ്ടോ അതോ ഈ സൗകര്യങ്ങളൊക്കെ മതിയോ ?
ഒരുപാട് വികസനം വന്നാൽ ഈ സമാധാനമൊക്കെ പോവില്ലേ ?"
ഒരുപാട് വികസനം വന്നാൽ ഈ സമാധാനമൊക്കെ പോവില്ലേ ?"
"വികസനം വന്നാൽ നല്ലതൊക്കെ തന്നെ പക്ഷേ ഈ ജീവിതത്തിലും ഞങ്ങൾ ഹാപ്പിയാണ് "
യാഷി ചേച്ചിയുടെ അഭിപ്രായം
"ദേ ഇതാണ് വികസനമെങ്കി ഞങ്ങൾക്ക് വേണ്ട മോനെ വികസനം "
(ബീഹാറിലെ പ്രെശ്നം ടിവിയിൽ കണ്ടു കൊണ്ടിരുന്ന സോനം ആന്റിയുടെ കമ്മന്റ് )
"അല്ല മോനേ ചൂടു കൂടുമ്പോൾ ആൾക്കാരുടെ സ്വാഭാവവും മാറുമോ ?
ആന്റിയുടെ നിഷ്കളങ്കമായ ചോദ്യം , ഞങ്ങളും ഒന്ന് ആലോചിച്ചു പോയി ഇനി അങ്ങനെയുണ്ടോ ?
"പണ്ട് മോഷണങ്ങളൊന്നും കാസയിൽ ഉണ്ടായിരുന്നില്ല.ഇപ്പൊ പലർക്കും പഠിപ്പായി .അതോടു കൂടി പറ്റിപ്പുകളും വർധിച്ചു "
"കൽദീന്റെ അപ്പൂപ്പന്റെ അഭിപ്രായം "
ഇവരുടെ ജീവിതം ലളിതമാണ്.ഇവരതിൽ സന്തുഷ്ടരുമാണെന്നാണ് മനസിലാക്കാൻ സാധിച്ചത്.ഇവരുടെ ആഗ്രഹങ്ങൾക്ക് ഒരു പരിധിയുണ്ടെന്നു തോന്നുന്നു അതാവാം ഈ സന്തോഷത്തിനു കാരണം.ആഗ്രഹങ്ങളാണല്ലോ (പലപ്പോഴും അത്യാഗ്രഹങ്ങൾ ) മനുഷ്യന്റെ സമാധാനം കളയുന്നത്.എത്ര കിട്ടിയാലും നമ്മൾക്ക് മതിയാവില്ല.ആഗ്രഹങ്ങൾ കൂടി കൂടി വരും.കയ്യിലുളളത് മതിയെന്ന് കരുതി ജീവിക്കാൻ തുടങ്ങിയാൽ പലർക്കുമില്ലാത്ത എന്നാൽ ഏറ്റവും വേണ്ടതുമായ മനഃസമാധാനം കിട്ടും.
ഇവർക്ക് ആ നാട്ടിലെ എല്ലാവരെയും അറിയാം.എപ്പോ കണ്ടാലും ചിരിച്ചു വർത്തനമൊക്കെ പറഞ്ഞു ചായയും കുടിപ്പിച്ചിട്ടേ വീടു .ബാസിലിനു കൂടുതൽ ഇഷ്ടായമായതു ഇതാണ്.
ഭക്ഷണം എല്ലാം തീർന്നിട്ടും ഞങ്ങളുടെ സംസാരം തുടർന്നു.കൽദീനിന്റെ കുസൃതികളും നടക്കുന്നുണ്ട്.ടെൻസിന്റെ ചെറിയ ഫോണിൽ പാട്ടു വച്ചു .കുൽദീൻ ഡാൻസ് തുടങ്ങി.അത് തീർന്നപ്പോ ഞാൻ എന്റെ മൊബൈൽ ൽ ഉണ്ടായിരുന്ന ഒരു പാട്ടു കാണിച്ചു കൊടുത്തു.കുൽദീൻ അത് ശ്രദ്ധയോടെ നോക്കി പക്ഷേ ഡാൻസ് കളിച്ചില്ല.ടെൻസിന്റെ ഫോണിൽ വീണ്ടും പാട്ടു തുടങ്ങി .അവള് ഡാൻസും തുടങ്ങി.
ഞങ്ങളുടെ സംസാരം കാരണം ഇവർക്ക് ഉറങ്ങാൻ ലേറ്റ് ആവുന്നുണ്ടോ എന്നൊരു സംശയം .
ചെറുതായി അതൊന്നു സൂചിപ്പിച്ചപ്പോൾ “ ഇരിക്കൂ ചായ കൂടി കുടിച്ചിട്ട് പോവാം“
(ഞങ്ങളെ ഇവിടന്നു എടുത്തോണ്ട് പോവേണ്ടി വരുമെന്ന് തോന്നുന്നു അല്ലെങ്കിലേ വയറു നിറഞ്ഞിരിക്കുവാ .ആഹ് ഒരു ചായയല്ലേ.അതും കുടിക്കാം)
യാഷിൻ ചേച്ചി മഞ്ഞുകാലമാവുമ്പോൾ ഡൽഹിയിലെ ടിബറ്റൻ മാർക്കറ്റിലേക്ക് പോവും.ചേച്ചിയും ഇന്ന് തിരികെ വന്നതേയുളളു .ചേച്ചിയെ പരിചയപ്പെടാൻ സാധിച്ചതും ഒരു ഭാഗ്യമാണ്.(വഴിയേ മനസിലാവും.)
കുൽദീന് ടാറ്റയും കൊടുത്തു ഞങ്ങൾ ഇറങ്ങി.നാളെ രാവിലെ ഒൻപതു മണിക്ക് ടാക്സി വരും.അതിനുമുന്നെ ബ്രെക്ഫാസ്റ്റിനു വിളിക്കാം എന്ന് സോനം ആന്റി പറഞ്ഞു.തണുപ്പ് കൂടുതലാണെങ്കിൽ മുകളിലത്തെ നിലയിൽ കിടന്നോളാനും പറഞ്ഞു.സാരമില്ല പുതയ്ക്കാൻ കമ്പിളിയൊക്കെ ഉണ്ടല്ലോ അത് മതിയെന്നു പറഞ്ഞിട്ടും അവർ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും കുറേ പുതപ്പുമെല്ലാം കൊണ്ടു വന്നു തന്നു.
രണ്ടാം ദിവസത്തെ ബ്രേക്‌ഫാസ്‌റ്
------------------------------------------
------------------------------------------
നിങ്ങൾ മുട്ട കൂട്ടുമോ എന്ന് ഇന്നലെ ഞങ്ങളോട് ചോദിച്ചിരുന്നു.റൊട്ടിയും മുട്ടക്കറിയും കിട്ടണേ എന്നും പ്രാര്ഥിച്ചാണ് എന്റെ പല്ലുതേപ്പ്.പക്ഷേ അവരുണ്ടാക്കിയത് പാലക് എന്ന് പറയുന്ന അവരുടെ നാടൻ റൊട്ടിയും ഓംലെറ്റും ആണ്.പിന്നെ ഇന്നലെ മോമോസിന്റെ കൂടെ തന്ന കിടിലൻ ചട്ണിയും ഉണ്ട്.
കൽദീൻ എണീറ്റ് വന്നതേയുള്ളൂ .അവൾ ചാർജാവാൻ സമയമെടുക്കും.യാഷി ചേച്ചി മുടിയൊക്കെ കെട്ടികൊടുത്തു.അവരെ എന്നും കുളിപ്പിക്കാറില്ല.നമ്മുടെ നാട്ടിലെ കാലാവസ്ഥയല്ലല്ലോ അവിടെ .എങ്കിലും കൽദീനിന്റെ കോലം കണ്ടു ഇന്നൊണ് കുളിപ്പിക്കണം എന്ന് പറയുന്നുണ്ട് യാഷി ചേച്ചി.
യാഷി ചേച്ചി ഒരു അത്ഭുതമായിരുന്നു.ടിവി മാത്രമുള്ള നാട്ടിലിരുന്നുകൊണ്ടു ഇത്രയും വിവരം സമ്പാദിക്കുമെന്നു ഞങ്ങൾ ഒട്ടും കരുതിയില്ല. ചേച്ചിയ്ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു.
ഇവരുടെ മുഖച്ഛായ കാരണം ഡൽഹിയിലും മുംബൈയിലും നേരിടേണ്ടി വന്നിട്ടുള്ള വംശീയ അധിക്ഷേപങ്ങളുൾപ്പെടെ.നിങ്ങൾ ചൈനക്കാരാണോ എന്ന് സ്വന്തം രാജ്യക്കാരിൽ നിന്നും ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്.അതെല്ലാം ചിരിച്ചോണ്ട് ചേച്ചി പറഞ്ഞു.
നമ്മുടെ രാജ്യത്തു നടക്കുന്ന പലതിന്റെയും സത്യാവസ്ഥ പുള്ളിക്കാരത്തിയ്ക്കു അറിയാം.മാധ്യമങ്ങൾ വിലക്കെടുത്ത ഇക്കാലത്തു അത് മാത്രം കാണാൻ അവസരം കിട്ടുന്ന നാട്ടിൽ നിന്നുള്ള ഒരാളാണ് ഇത് പറയുന്നത് എന്ന് പ്രേത്യേകം ഓർക്കണം.ചില വസ്ത്രങ്ങളും ഭക്ഷണങ്ങളും വിലക്കപെട്ടതിനെയും കുറിച്ചും അതിർത്തിയിൽ നമ്മുടെ രാജ്യം മാത്രം പുണ്യാളന്മാരായി കാണിക്കുന്നതിനെപ്പറ്റിയും മാധ്യമങ്ങൾ പറഞ്ഞു പരത്തുന്ന വ്യാജ പ്രചാരണങ്ങളെ പറ്റിയും കോർപ്പറേറ്റുകളുടെ കളികളെ പറ്റിയുമെല്ലാം വ്യക്തമായ ധാരണ യാഷി ചേച്ചിക്കുണ്ട്.ഒരുപക്ഷേ ഏതു വിവരവും വിരൽത്തുമ്പിൽ കിട്ടുന്ന നമ്മളെക്കാറുമേറെ വിവരം അവർക്കുണ്ടെന്നു എനിക്കും ബാസിലിനും തോന്നി.
സൗത്ത് ഇന്ത്യക്കാരുടെ ഒരു കല്യാണം മുംബൈയിൽ വച്ച് കൂടിയ അനുഭവവും ചേച്ചി പങ്കു വച്ചു.സമ്മറിൽ ഇവിടെ വന്നു സ്ഥിരം താമസിക്കുന്ന ഒരാളുടെ വീട്ടിൽ ഒരു നാൾ ഇവർ പോയി.മുംബൈയിലായിരുന്നു അവരുടെ വീട്.ഒരു കല്യാണത്തിന് പോവാമെന്നു പറഞ്ഞപ്പോൾ ഇവർ പറഞ്ഞു.അതിനുള്ള ഡ്രസ്സ് ഒന്നും കയ്യിലില്ല അതുകൊണ്ടു യാഷി ചേച്ചി വരുന്നില്ല എന്ന്.
(നോർത്ത് ഇന്ത്യക്കാരുടെ കല്യാണം സൗത്തിനേക്കാൾ ഓവറാണ് .തിളക്കം കാരണം കണ്ണടിച്ചു പോവുന്ന രീതിയിലാണ് അവരുടെ വസ്ത്ര ധാരണമൊക്കെ .യാഷി ചേച്ചിയുടെ മനസിലും ഇതായിരുന്നു സങ്കല്പം )
ഇത് സൗത്ത് ഇന്ത്യൻ കല്യാണമാണ് എന്നും പറഞ്ഞു കൂട്ടുകാരി നിർബന്ധിച്ചു കൊണ്ടുപോയി.സൗത്തിലെ കല്യാണം വ്യത്യസ്തമാണെന്നു മനസിലായത് അന്നാണത്രെ. അവർക്കു സൗത്ത് ഇന്ത്യൻസിനെയാണ് കൂടുതൽ ഇഷ്ടം.
ടിവിയിൽ നിന്നും ഇവിടെ വരുന്ന ടൂറിസ്റ്റുകളിൽ നിന്നുമാണ് അവർ പലതും പഠിക്കുന്നത്.
ഇവർ എന്തോരും പഠിച്ചിട്ടുണ്ടാവുമെന്നു അറിയാൻ ഞങ്ങൾക്ക് ആകാംഷയുണ്ടായിരുന്നു.
രണ്ടാം ദിവസത്തിലെ അത്താഴം
--------------------------------
--------------------------------
കൽദീൻ അച്ഛന്റെ മടിയിൽ ഇരിക്കുകയാണ്.കുളിച്ചു സുന്ദരിയായി പൊട്ടും കുത്തിയാണ് ആളുടെ ഇരിപ്പ്.ഇടത്തെ പുരികത്തിന്റെ വലത്തേ അറ്റത്താണ് പൊട്ടു കുത്തിയിരിക്കുന്നത്.നമ്മുടെ നാട്ടിൽ കണ്ണ് കിട്ടാതിരിക്കാൻ കവിളിൽ കുത്തുന്നപോലെയാണിത്.
ഞാൻ ഒരു രണ്ടു മിട്ടായി അവളുടെ അടുത്തേക് നീക്കി വച്ചു .അവളെ മടിയിൽ നിന്ന് എഴുന്നേപിച്ചു അടുത്ത് കൊണ്ടുവരാനുള്ള സൂത്രപ്പണിയാണെന്നു അവൾക്കു മനസിലായി.അച്ഛന്റെ കൈ എടുത്തു പൊക്കി മിട്ടായി ഇങ്ങെടുക്കാൻ അവൾ ശ്രെമിക്കുണ്ട്.കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും കമ്ബനിയായി .കിട്ടിയ മിട്ടായി മൊത്തം എന്നെകൊണ്ട് അവളുടെ കുഞ്ഞു ജാക്കറ്റിന്റെ കുഞ്ഞു പോക്കറ്റിൽ ഇടീച്ചു.അതിലൊരു അമ്പതു രൂപയുമുണ്ട്.
"പെണ്ണ് പണക്കാരിയായല്ലോ "
റൊട്ടിയും ചോറും ഒരു വെജിറ്റബിൾ കറിയും,പരിപ്പ് കറിയും ഒരു സലാഡും.ഇതാണ് അത്താഴം.സാലഡിനു അന്യായ എരിവ്.അതിൽ മുളക് അല്ലാതെ വേറെ എന്തെങ്കിലും ചേർത്തിട്ടുണ്ടോ എന്ന് രണ്ടു തവണ ചോദിച്ചിട്ടും ഇല്ലാ എന്ന് ഉത്തരം.കാന്താരിയുടെ അപ്പൂപ്പൻ ലെവൽ എരിവ്.ബാസിൽ അത് വീണ്ടും വാങ്ങി കഴിച്ചു.ഇത്തവണ എനിക്ക് വിശപ്പ് കുറവായിരുന്നു.
കുറച്ചൂടെ കറി ഒഴിക്കട്ടെ , അല്ലെങ്കിൽ ഇത്തിരി ചോറ് ?? ഇങ്ങനെയുള്ള ചോദ്യങ്ങൾ അവിടുന്നും ഇവിടന്നും കേട്ടുകൊണ്ടേ ഇരുന്നു.ഞാൻ എല്ലാം സ്നഹേപൂർവം നിരസിച്ചു.
"എന്തേയ് കഴിക്കുന്നില്ലേ സ്നേഹം മിക്സ് ചെയ്തതാടാ കഴിക്കടാ, ഇന്നലെ എന്തായിരുന്നു ഡയലോഗ് .നീ മൊത്തം തിന്നിട്ടു എണീറ്റാൽ മതി. "
എന്നും പറഞ്ഞു ബാസിൽ കിട്ടിയ അവസരം മുതലെടുത്തു എന്നേ ആക്കി കൊന്നു .ബാസിലിനിടെ കാലു പിടിച്ചു ഒരു റൊട്ടിയുടെ പകുതി അവനെക്കൊണ്ട് കഴിപ്പിച്ചു.
അവരുടെ കറിക്കുപൊതുവെ മസാല അധികം കാണില്ല.ഞങ്ങൾക്ക് വേണ്ടി ഇന്ന് കുറച്ചു ഇട്ടിട്ടുണ്ട് .
കുൽദീൻ ഇന്ന് ഭയങ്കര കളിയാണ്.കളിച്ചു കളിച്ചു ജനാലയുടെ കർട്ടണ് പുറകിൽ ഒളിച്ചു നിന്നിട്ടു അഭ്യാസം കാണിച്ചതാണ്.താഴേക്ക് വീണു .ഒത്തിരിയൊന്നും പറ്റിയില്ല.പ്രധാന പ്രെശ്നം എല്ലാവരും പ്രേത്യേകിച്ചു കേരളത്തിൽ നിന്നും വന്ന രണ്ടു വരുത്തൻ ചേട്ടന്മാർ കണ്ടു എന്നതാണ്.കരയാൻ വേറെ കാരണം വല്ലതും വേണോ ?
"ഇനിയവൾ ഒരിക്കലും മുകളിൽ കയറില്ല. ഇന്നാള് ആ സാലഡ് (എരിവുള്ള ഐറ്റം )വേണമെന്നും പറഞ്ഞു നിർബന്ധമായിരുന്നു. അതിൽ പിന്നെ അവളതു കഴിച്ചിട്ടില്ല ആരേലും കഴിക്കുന്നത് കണ്ടാൽ അവരോടും വേണ്ടാന്നു പറയും "
യാഷി ചേച്ചിയുടെ കമ്മന്റ്
കരച്ചിൽ ഒന്നടങ്ങിയപ്പോൾ ഞങ്ങൾ ഇറങ്ങി.ബാസിൽ നാളെ പോവും.അതുകൊണ്ടു പൈസഎല്ലാം സെറ്റിലാക്കി .750 രൂപ.
ഞാൻ നാളെയും ഇവിടുണ്ടാവും .
മൂന്നാം ദിവസത്തെ breakfast
--------------------------------
--------------------------------
ബാസിൽ രാവിലെ എഴുന്നേറ്റു യാത്ര പറഞ്ഞു പോയിരുന്നു.ഞാൻ എഴുന്നേൽക്കാൻ വൈകി.പല്ലും തേച്ചു നടക്കുമ്പോൾ കുൽദീനും അച്ഛനും പുറത്തിറങ്ങി.സ്റ്റെപ്പിന്റെ താഴേക്ക് അവൾ തനിയെ ഇറങ്ങില്ല .ഇറങ്ങാൻ ശ്രെമിക്കത്തുമില്ല .അച്ഛൻ വന്നു തോളിൽ കയറ്റി താഴെയിറക്കി.
കിട്ടിയ അവസരം മുതലെടുത്തു അവൾ മുറ്റമെങ്ങും ഓടി നടന്നു.ടാങ്ക് ക്ലീൻ ചെയുന്ന സോനം ആന്റിയുടേം ടെൻസിന്റെ കസിന്റെയും അടുത്തേക്ക് ഞാൻ എടുത്തു കൊണ്ട് പോയി.അവിടെ നിന്ന് വഴിയേ പോകുന്നവർക്കെല്ലാം ടാറ്റയും അവളുടേതായ ഭാഷയിൽ കുശലവും പറഞ്ഞു ഞങ്ങൾ അവിടെ നിന്നു കുറച്ചു നേരം .വഴിയേ പോവുന്ന എല്ലാർക്കും ഇവളുടെ പേരറിയാം .
ടെൻസിന്റെ കസിൻ രണ്ടു ദിവസം മുൻപേ അവർ ഒരു ഗ്രാമത്തിൽ കണ്ട snow leopard ന്റെ വീഡിയോ എനിക്ക് കാണിച്ചു തന്നു.
യാഷി ചേച്ചി വിളിച്ചപ്പോൾ ഞാൻ അവളെയുമെടുത്തു ഭക്ഷണം കഴിക്കാൻ പോയി.കൽദീൻ ഇന്ന് ഫുൾ ചാർജിലാണ്.ഡാൻസ് കളിക്കുന്നു.,ആനയുടെ (പാവ ) മുകളിൽ കയറുന്നു.ഇടയ്ക്കു ബാലുവിനെയും വിളിച്ചു (കരടിപാവ ).ഓടി നടക്കുന്നു എന്ത് പറ്റിയോ ആവോ .
ഓട്സും ഡ്രൈ ആപ്പിളും പഴവുമെല്ലാം ഇട്ടൊരു ഐറ്റമാണ് കഴിക്കാൻ.എനിക്ക് ഓട്സ് ഇഷ്ടമല്ല എങ്കിലും കഴിച്ചു.യാഷി കോളേജിൽ ഒന്നാം വര്ഷം മാത്രമേ പോയിട്ടുള്ളൂ .
എന്താ നിർത്തിയെ എന്ന് ചോദിക്കാൻ മനസ്സ് വന്നില്ല.എന്തെങ്കിലും ഒരു കാരണമുണ്ടാവും.അവരുടെ കല്യാണവും കഴിഞ്ഞിട്ടില്ല.
സ്പിതിയിൽ കോളേജില്ലാ.പഠിക്കണമെങ്കിൽ മണാലിയോ ഷിംലയിലോ പോവണം.ആശുപത്രീയും അങ്ങനെ തന്നെ.ചെറിയൊരു ഹോസ്പിറ്റൽ ഉണ്ടെങ്കിലും ആക്സിഡന്റ് കേസ് വന്നാൽ ഷിംലയ്ക്കു പോകണം.പോകുന്ന വഴിക്കു തന്നേ മിക്കവാറും ആളു മരിക്കും.ഗർഭിണികൾ മാസമാകുമ്പോഴേ ഏതേലും ബന്ധുവിന്റെ വീട്ടിലേക്കു പോവും .
ഡൽഹിയിൽ പഠിക്കാൻ പോവുന്ന പിള്ളേരെല്ലാം ഫാഷൻ മാത്രമേ പഠിക്കുന്നുള്ളു ,എല്ലാരും ഉഴപ്പുവാണെന്നാണ് യാഷി ചേച്ചിയുടെ വിലയിരുത്തൽ.കൽദീനെ കേരളത്തിൽ വിടണമെന്നൊരു പ്ലാനുണ്ടത്രേ.
ഫേസ്ബുക്കിൽ ആഡ് ചെയ്യാൻ പറഞ്ഞു ചേച്ചി നമ്പർ തന്നു.ഇനി accept ചെയുന്നത് അടുത്ത ഒക്ടോബറിലായിരിക്കും
ഫേസ്ബുക്കിൽ ആഡ് ചെയ്യാൻ പറഞ്ഞു ചേച്ചി നമ്പർ തന്നു.ഇനി accept ചെയുന്നത് അടുത്ത ഒക്ടോബറിലായിരിക്കും
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു
ഇവളെ കേരളത്തിലേക്ക് വിട്ടേരെ ഞാൻ നോക്കിക്കൊള്ളാം . കൽദീന് ബാക്കിയുള്ള മിട്ടായിയും കൊടുത്തു ഞാൻ ഇറങ്ങി.ഒരുപാട് നല്ല ഓർമ്മകളായി .വീണ്ടും സ്പിതിയിൽ വരണം ഇവിടെ തന്നേ താമസിക്കണം .കൽദീൻ വലുതാവുമ്പോ അവർ ഓടിക്കളിച്ച ഫോട്ടോസും കരഞ്ഞിട്ട് ഇരിക്കുന്ന ഫോട്ടോയുമെല്ലാം കാണിക്കണം ,
ഇവളെ കേരളത്തിലേക്ക് വിട്ടേരെ ഞാൻ നോക്കിക്കൊള്ളാം . കൽദീന് ബാക്കിയുള്ള മിട്ടായിയും കൊടുത്തു ഞാൻ ഇറങ്ങി.ഒരുപാട് നല്ല ഓർമ്മകളായി .വീണ്ടും സ്പിതിയിൽ വരണം ഇവിടെ തന്നേ താമസിക്കണം .കൽദീൻ വലുതാവുമ്പോ അവർ ഓടിക്കളിച്ച ഫോട്ടോസും കരഞ്ഞിട്ട് ഇരിക്കുന്ന ഫോട്ടോയുമെല്ലാം കാണിക്കണം ,
ഇവരുടെ വീട്ടിൽ മാത്രമേ നല്ല പെരുമാറ്റം കിട്ടൂ എന്ന് കരുതരുത്.അവിടത്തെ എല്ലാ ആൾക്കാരും ഇതുപോലെ തന്നേ നല്ല പെരുമാറ്റമുള്ളവരാണ്.നമ്മുടെ കള്ളത്തരങ്ങളും പറ്റിപ്പുമെല്ലാം മലകൾ കയറി അങ്ങ് ചെല്ലുന്നതേയുള്ളു.
---------------------------------------------------------------

Leave a Comment