സ്പിതി താഴ്വാരയിലേക്കു Episode 06 : The Return Begins : Backpacker on Bike | Malayalam Travelogue
"ഇവിടേം ഒന്നുമില്ല, അവിടേം ഒന്നുമില്ല "
"എന്ത് ?"
"അല്ല കാണാനേ , കാസയിലും ഒന്നും ഉണ്ടായിരുന്നില്ല ഇവിടെയും ഒന്നുമില്ല "
നാക്കോ ലേക്കും കണ്ടിട്ടു തിരികെ വരുമ്പോ മോഹിത് പറഞ്ഞതാണ് ഇത്.
(നാക്കോ തടാകത്തിൽ വെള്ളമില്ലാണ്ട് പോയി , ഇല്ലെങ്കിൽ ഞാൻ ഉന്തി വിട്ടേനെ ഈ മറുതയേ ")
കാസയിലെ കാഴ്ചകൾ കണ്ടു കിളി പോയി ഇരിക്കുന്ന എന്നോടാണ് അവനിതു പറഞ്ഞത്.കണ്ണ് കാണാവുന്ന ആർക്കും കാസയിലെ കാഴ്ചകൾ മോശമായി തോന്നുമെന്ന് കരുതുന്നില്ല.
ഇന്ന് തിരികെ പിയോ എത്തണമെന്ന് വിചാരിച്ചതല്ല.കാസയിൽ തന്നെ കഴിഞ്ഞു അടുത്ത ദിവസം രാവിലെയുള്ള ബസ്സിന് തിരികെ വരാനായിരുന്നു പ്ലാൻ.അതെല്ലാം ഇപ്പൊ മാറി.ഇപ്പൊ ഞാൻ ഒരു ഡെല്ഹിക്കാരൻ റൈഡറുടെ കൂടെ അവന്റെ അവഞ്ചെറിൽ നാക്കോ വരെ എത്തിയിരിക്കുകയാണ്.ഇനിയിപ്പോ ഇവിടന്ന് മോഹിത് വരുന്നില്ല.എന്റെ കാര്യം ഞാൻ നോക്കണം.
അഞ്ചാം ഭാഗം ഇവിടെ വായിക്കാം
-------------------------------------------------------------------------
രാവിലെ എണീറ്റപ്പോ ബാസിൽ മുറിയിൽ ഉണ്ടായിരുന്നില്ല.രാവിലെ ഉള്ള ആറിന്റെ ബസിനു അവൻ തിരികെ പോയിരുന്നു.യാത്രയുടെ പകുതിക്കു വച്ചു കിട്ടിയ കൂട്ടുകാരൻ പകുതിക്കു വച്ചു പിരിഞ്ഞു.
ഞാൻ ബാഗും വെള്ളവും ബിസ്കറ്റും എല്ലാമെടുത്തു ചുമ്മാ ഇറങ്ങി.ഒരു പരിപാടിയുമില്ല.ലിഫ്റ്റ് വല്ലതും കിട്ടിയാൽ ഇന്നലെ കാണാൻ കഴിയാത്ത കിബ്ബറിലൊന്നു പോകണം.വേറെ ആരെയെങ്കിലും കൂട്ടിനു കിട്ടിയാൽ മുദ് ഗ്രാമത്തിലും പോണം.ഇതൊന്നും നടന്നില്ലെങ്കിൽ സ്പിറ്റി നദിയുടെ മറുവശത്തുള്ള റൺഗ്രിക് ഗ്രാമത്തിലേക്കു നടന്നിട്ടു തിരികെ വരണം.
ഞാൻ ബാഗും വെള്ളവും ബിസ്കറ്റും എല്ലാമെടുത്തു ചുമ്മാ ഇറങ്ങി.ഒരു പരിപാടിയുമില്ല.ലിഫ്റ്റ് വല്ലതും കിട്ടിയാൽ ഇന്നലെ കാണാൻ കഴിയാത്ത കിബ്ബറിലൊന്നു പോകണം.വേറെ ആരെയെങ്കിലും കൂട്ടിനു കിട്ടിയാൽ മുദ് ഗ്രാമത്തിലും പോണം.ഇതൊന്നും നടന്നില്ലെങ്കിൽ സ്പിറ്റി നദിയുടെ മറുവശത്തുള്ള റൺഗ്രിക് ഗ്രാമത്തിലേക്കു നടന്നിട്ടു തിരികെ വരണം.
സ്പിതിയിൽ വന്നിട്ട് AMS ന്റെ ലക്ഷണങ്ങൾ ഒന്നും തന്നേ വന്നില്ല.അതുകൊണ്ടു കയ്യിൽ കരുതിയ AMS Tablet കഴിക്കാറുമില്ലായിരുന്നു.പിയോയിൽ നിന്ന് കയറിയപ്പോൾ ഞാൻ ഒരെണ്ണം കഴിച്ചു.ബാസിലിനും ഒരെണ്ണം കൊടുത്തു.സ്പിറ്റിയിൽ എത്തിയിട്ട് പിന്നെ കഴിച്ചില്ല.ഇത്രയും ഉയരത്തിൽ പോയിട്ടില്ലെങ്കിലും അത്യാവശ്യം ഉയരത്തിലൊക്കെ പോയിട്ടുള്ളതുകൊണ്ടു നീ കഴിക്കണ്ട കാര്യമില്ല എന്ന് നായർ അണ്ണാച്ചി ആനന്ദ് പറഞ്ഞിരുന്നു.എങ്കിലും ചെറിയൊരു പേടി ഉണ്ടായിരുന്നു.ഭാഗ്യത്തിന് ഒന്നും ഉണ്ടായില്ല.ഇന്നിപ്പോ ഒരുപാട് നടക്കാൻ ഉളളതുകൊണ്ടു ഒരെണ്ണം ഞാൻ കഴിച്ചു,ഇവിടെ കുറച്ചു നടക്കുമ്പോഴേക്കും കിതയ്ക്കും.
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പെട്രോൾ പാമ്പിന്റെ സൈഡിലൂടെ നടന്നപ്പോ മൂന്നാല് പീക്കിരികൾ ഹോം സ്റ്റേ വേണോ എന്നൊക്കെ പറഞ്ഞു പുറകെ കൂടി.കയ്യിലുള്ള വലിയ ബാഗ് കണ്ടു ഞാൻ ഇപ്പൊ വന്നതേയുള്ളു എന്നാണ് അവന്മാർ കരുതിയത്.ഞാൻ മുദ് പോവ്വാൻ ആരെയെങ്കിലും നോക്കി നടക്കുവാ എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ പറഞ്ഞു അവന്റെ ചേട്ടൻ ടാക്സി ഡ്രൈവർ ആണ്.അവിടെ ആരെയെങ്കിലും കിട്ടാണ്ടിരിക്കില്ല എന്ന്.എന്നാ അങ്ങനെയാകട്ടെ .ഞങ്ങൾ രണ്ടാളും കൂടെ ടാക്സി സ്റ്റാൻഡിലേക്ക് നടന്നു .ചേട്ടനെ വിളിച്ചു ചോദിക്കാം എന്നും പറഞ്ഞു അവൻ എന്റെ ഫോൺ വാങ്ങി.എന്നിട്ടു ഏതാണ്ടൊക്കെ പറഞ്ഞു.ഇവൻ എന്റെ കാര്യം ചോദിക്കുവാണോ അതോ ഇവരുടെ കുടുംബ വിശേഷം പറയുവാണോ ?
അവിടെ ചെന്നപ്പോ അവന്റെ ചേട്ടൻ പറയുന്നു രണ്ടായിരം രൂപയാകും പോയി വരാനെന്നു.അതിപ്പോ എന്തായാലും ഞാൻ മുടക്കില്ല .അപ്പോഴാണ് മോഹിത് നെ കണ്ടത്.
അവൻ ചോദിച്ചു എങ്ങോട്ടാ പോവണ്ടേ എന്നൊക്കെ.
എനിക്ക് കിബ്ബറോ മുദ് ഓ പോണം .ഒരു ദിവസം ചുമ്മാ കളയാൻ പറ്റില്ല അതാണ് കാര്യം.
മോഹിത് പൈസ ഇല്ലാണ്ട് യാത്ര ചെയ്യാൻ ശ്രമിക്കുന്ന ഒരാളാണ്.ആരെങ്കിലും പെട്രോൾ അടിച്ചുകൊടുത്താൽ അതനുസരിച്ചു റൂട്ട് പ്ലാൻ ചെയ്തു അങ്ങനെ പോവും.
"ഈ ബൈക്കിനു പോണം എന്നാഗ്രഹിച്ചിട്ടും പോവാൻ പറ്റാത്ത അല്ലെങ്കിൽ ബൈക്ക് ഇല്ലാത്ത ആൾകാർ ഉണ്ടാവുമല്ലോ അവരെയൊക്കെ ഞാൻ പുറകിൽ കേറ്റും അവരുടെ ആഗ്രഹവും സാധിക്കും എനിക്കും യാത്ര ചെയ്യാം . ഈ ബസ്സിലൊക്കെ പോയാൽ എന്ത് സുഖമാണ് കിട്ടുക ? ബൈക്കിലാണ് രസമുളളു "
(ആദ്യം പറഞ്ഞത് ഒക്കെ രണ്ടാമത് പറഞ്ഞത് എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല.പിന്നെ ആവശ്യം നമ്മളുടെ ആയതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.)
മോഹിത് തിരികെ പോവുകയാണ്.അതുകൊണ്ടു പെട്രോൾ അടിച്ചു കൊടുത്താലും മുദ് വരെ വരില്ല.അവസാനം കിബ്ബർ പോയിട്ട് തിരികെ പോവാം എന്നൊരു പ്ലാനിലെത്തി ഞങ്ങൾ.ഞാൻ നേരെ ഹോം സ്റ്റേ പോയി അവിടത്തെ കണക്കും തീർത്തു.ബാക്കിയുള്ള മിട്ടായി കൽദീനും കൊടുത്തു യാത്ര പറഞ്ഞറിങ്ങി.അവരുടെയല്ലാം ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു.അത് നടന്നില്ല.പക്ഷേ സാരമില്ല ഇനിയും വരണം ഇവിടെ.
ഏതാണ്ടൊരു 200-250 കിമി കാണും.500 രൂപയ്ക്കു പെട്രോൾ അടിച്ചു കൊടുത്തു. വണ്ടി നേരെ കിബ്ബറിലേക്കു.വഴി ഞാൻ മാപ്പു നോക്കി പറഞ്ഞു കൊടുത്തു.റൈഡർ ഒക്കെയാണെങ്കിലും അവന്റെ കയ്യിൽ മാപ്പോന്നും ഇല്ല.
കിബ്ബർ ഗ്രാമത്തിലൂടെ പോയപ്പോൾ ഒരു അപ്പാപ്പൻ
"ജൂല്ലേ , നിങ്ങൾ എവിടുന്നാ "
കേരളത്തിൽ നിന്നാണെന്നു പറയാൻ വാ തുറക്കുന്നതിനു മുൻപേ മോഹിത് "ഞങ്ങൾ ഡല്ഹിക്കാരാ " എന്നങ്ങു പറഞ്ഞു.
കിബ്ബർ ഇന്നലെ കണ്ട ഗ്രാമങ്ങളെക്കാളും വലിയ ഗ്രാമമാണ്.അവിടന്നു നോക്കിയാൽ ചിച്ചിം ഗ്രാമം കാണാം.തിരികെ വേറെ വഴിയാണ് വന്നത്.പോവുന്ന വഴി ചിച്ചിം-കിബ്ബർ തൂക്കുപാലം കണ്ടു.
കിബ്ബർ ഇന്നലെ കണ്ട ഗ്രാമങ്ങളെക്കാളും വലിയ ഗ്രാമമാണ്.അവിടന്നു നോക്കിയാൽ ചിച്ചിം ഗ്രാമം കാണാം.തിരികെ വേറെ വഴിയാണ് വന്നത്.പോവുന്ന വഴി ചിച്ചിം-കിബ്ബർ തൂക്കുപാലം കണ്ടു.
പതിനാലു കൊല്ലത്തിനു ശേഷം കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ഇത് ഉദ്ഘാടനം നടത്തിയത്. അഞ്ചു കോടി മുതൽ മുടക്കിൽ പണിത 120 മീറ്റർ നീളമുള്ള പാലം സമുദ്ര നിരപ്പിൽ നിന്നും 13596 അടി ഉയരത്തിലാണ് സ്ഥിതി ചെയുന്നത്.ചിച്ചിം ഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്.ഇതിനു മുൻപേ ഇവരെങ്ങനെ പുറം ലോകവുമായി ബന്ധപെട്ടു എന്നറിയാൻ ചുറ്റും ഒരുപാട് നോക്കിയെങ്കിലും ഒരു പാലവും കണ്ടില്ല.ആകെയുള്ള ഈ പാലം പണിയാണെടുത്തതോ പതിനാലു വര്ഷം !! ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള തൂക്കുപാലമാണിത്.പാലത്തിൽ നിന്ന് താഴേക്കു നോക്കിയാൽ തല കറങ്ങും.നല്ല താഴ്ചയുണ്ട്
ഇനി തിരികെ പോവുകയാണ്.നാക്കോവിൽ വൈകുനേരം എത്തിയാൽ അവിടന്നു എങ്ങനെയെങ്കിലും പിയോ എത്തണം.അങ്ങനെയെങ്കിൽ എനിക്കൊരു എക്സ്ട്രാ ദിവസം കൂടെ കിട്ടും.ചിത്കുലും സംഗ്ലയും ആലോചിക്കാവുന്നതാണ്.
ഇങ്ങോട്ടു വന്നപ്പോൾ ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകൾ കണ്ട എനിക്കിപ്പോ രണ്ടു സൈഡും കാണാം.മോഹിത് നല്ലരീതിയിൽ ബൈക്ക് ഓടിക്കുന്നുണ്ട്.സ്പീഡ് കൂടേണ്ട സ്ഥലത്തു കൂട്ടിയും അല്ലാത്തപ്പോ സാവധാനവും.
മോഹിത് മൂന്നാറിൽ വന്നിട്ടുണ്ട്.മൂന്നാർ ഒക്കെ സ്വര്ഗമാണെന്നാണ് മോഹിത് പറയുന്നത്.പക്ഷേ കക്ഷിക്ക് സ്പിതി ഇഷ്ടായില്ല.അവിടെ എന്താ ഉള്ളേ എന്നാണു ലവൻ ചോദിക്കുന്നത് .
(കണ്ണുപൊട്ടൻ ആണോ ബൈക്ക് ഓടിക്കുന്നത് ???)
"എന്തായാലും എനിക്കിഷ്ടായി "
ആൾ ഏതൊരു നോർത്ത് ഇന്ത്യനെ പോലെയും ലേശം ഓവറാണ്.കുറച്ചു കഴിഞ്ഞപ്പോ സംസാരം നിന്നുകൊണ്ട് പിന്നേ ഒരാശ്വാസമായി.കാസ കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ഒന്ന് നിർത്തിയിരുന്നു.അതും കഴിഞ്ഞു പിന്നെ വണ്ടി നിർത്തിയിട്ടേയില്ല.
ബാഗും തൂക്കി പുറകിൽ ഇരുന്നു ഇരുന്നു എനിക്ക് മടുത്തു.ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു ,
"അല്ലാ ഭായി വേണമെങ്കിൽ കുറച്ചു റസ്റ്റ് എടുത്തൊള്ളൂട്ടോ , കുറെയായില്ലേ ഓടിക്കുന്നു "
"റസ്റ്റ് ഒന്നും വേണ്ടടാ , നിനക്ക് വേണോ "
"ഏയ് എവിടുന്നു , ബായി ഓടിച്ചോ "
(എന്തൊരു ജന്മമാടോ താൻ ? )
നിർത്തണ്ട എന്ന് പറഞ്ഞതിലും കാര്യമുണ്ട്.ഇന് എനിക്ക് എങ്ങനെയെങ്കിലും പിയോ എത്താൻ പറ്റിയാൽ അത്രയും നല്ലതു .
നല്ല രീതിയിൽ ഓടിക്കുണ്ടെങ്കിലും ഇവനൊരു കുഴപ്പമുണ്ട്.വഴി അറിയാൻ പാടില്ല.എവിടെയൊക്കെ രണ്ടു വഴി കാണുന്നോ അപ്പോഴൊക്കെ എന്നോട് മാപ്പ് നോക്കാൻ പറയും.sumdoലേക്കുള്ള ഒരു വളവിൽ വച്ചു വഴി തെറ്റി ഞങ്ങൾ ഒരു മൂന്നൂറു മീറ്റർ പോയി.മാപ്പ് നോകിയതുകൊണ്ടു തിരിച്ചു വന്നു .
"അല്ലാ ഭായി നിങ്ങൾ ഈ വഴി തന്നെയല്ലേ വന്നേ ? " (വരാൻ വേറെ വഴിയൊന്നും വേറെയില്ല. എങ്കിലും ഇവന്റെ മറവി കണ്ടപ്പോൾ എനിക്ക് സംശയം തോന്നി )
"അതേ ഈ വഴി തന്നേ പക്ഷേ ഞാൻ മറന്നു പോയി"
വലിയൊരു ചുരവും കയറി മലകൾ ചുറ്റി വളഞ്ഞു, പേടിപെടുത്തുന്ന റോഡിലൂടെ മനോഹരമായ landscape കളും കണ്ടു ഞങ്ങളുടെ അവഞ്ചേർ പായുകയാണ്.കൂട്ടിനു സത്‌ലജ് നദിയും താഴെ ഒഴുകുന്നു.കൂട്ടത്തിൽ അവൻ ബുള്ളറ്റിനെ കുറ്റവും പറയുന്നുണ്ട്.ഒരു വിവരും ഇല്ലാത്ത മേഖലയായതുകൊണ്ടു ഞാൻ മൂളി മൂളി കേട്ടു.
തണുത്ത കാറ്റായതുകൊണ്ട് മുഖവും മറച്ചു അവന്റെ കൂളിങ് ഗ്ലാസ്സും വച്ചായിരുന്നു എന്റെ ഇരിപ്പു.പക്ഷേ കൂളിംഗ് ഗ്ലാസ്സിലൂടെയുള്ള കാഴ്ചകൾക്ക് ഭംഗി പോരാത്തതുകൊണ്ടു ഞാനതു ഊരി.
sumdo ലെ ചെക്ക്‌പോസ്റ്റിൽ വച്ചാണ് ITBP പോലീസ് ഓഫീസർ പറഞ്ഞത്.നാക്കോ കഴിഞ്ഞു ഒരു പത്തു കിലോമീറ്റർ താഴേ പാറയിടിഞ്ഞു ചാടി റോഡ് ബ്ലോക്കാണ്.ഇനിയിപ്പോ നാളെ ഉച്ചയെങ്കിലും ആവും റോഡ് തുറക്കാൻ .
ബാസിൽ പോയ ബസ്സു കടന്നുപോയോ ?അതോ അവനും കുടുങ്ങി കിടക്കുവാണോ ? മോഹിത്തിനു എന്തായാലും നാക്കോ വരെ പോയാൽ മതി.ഞാനും മിക്കവാറും നാക്കോവിൽ തങ്ങേണ്ടി വരുമെന്നു തോന്നുന്നു .ഏതാണ്ട് നാല് മണിക്കൂർ നിർത്താതെ മോഹിത് ബൈക്ക് ഓടിച്ചു. നാക്കോവിലേക്കു എത്തുന്നതിനു മുൻപേ അകലെ ഒരുപാട് വണ്ടികൾ കിടക്കുന്നതു കാണാം .ബ്ലോക്കിന് മുൻപുള്ള പ്രധാന ഗ്രാമം നാക്കോവാണ്.അതുകൊണ്ടാവാം എല്ലാരും ഇവിടെ നിർത്തുന്നത്.
ഞങ്ങൾ ആദ്യം നാക്കോ തടാകം കാണാൻ പോയി.ഇപ്പോഴത്തെ സാഹചര്യത്തിൽ കാണാനൊരു ലുക്കില്ലാ.ഇനിയിപ്പോ അവൻ ഇവിടെ എവിടെയെങ്കിലും കൂടും.എന്നെ മോഹിത് റോഡിൽ വിട്ടു.
കുറേ ഫാമിലി ട്രിപ്പിന് പോയവരും ഒരു അഞ്ചാറു ഭീകര റൈഡർമാരും അവിടുണ്ട്.ബ്ലോക്ക് തുറക്കുമെന്ന പ്രതീക്ഷയിൽ അവരിങ്ങനെ നിൽക്കുന്നു.എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ .
"എഗ്ഗ് ചൗമീൻ എന്ന് ഞാൻ പറഞ്ഞത് അവിടത്തെ ആൾ കേട്ടത് ഏക് ചൗമീൻ എന്നാണ് .അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാൻ പാട് പെട്ടപ്പോ ഒരു ചേച്ചി വന്നു.അതിന്റെ ഉടമസ്ഥയാണെന്നു തോന്നുന്നു .പുള്ളികാരത്തിക്കു സംഭവം മനസിലായി.വിശപ്പുള്ളതുകൊണ്ടു ഞാൻ വേഗം കഴിച്ചു.വില കേട്ടപ്പോ പെട്ടെന്നു ദഹിച്ചു. 100 രൂപ!! ചായക്ക് 20 .
വണ്ടിയിൽ വന്നവരെല്ലാം ഉത്തരേന്ത്യക്കാരാണ് .അവർ ബ്ലോക്കോക്കെ ആഘോഷിച്ചു ഇരിക്കുന്നു.അതിന്റെ ഇടയിൽ ഒരുത്തൻ
"സാർ ഇവിടെ കട്ട സീനാണ് ഞാൻ എന്താ ചെയ്യാൻ പറ്റുകാ എന്ന് നോക്കട്ടെ ,ഞങ്ങൾ പരമാവധി ശ്രെമിക്കുന്നുണ്ട് "
(എവിടെയോ ജോലിക്കു വേഗം ഏത്തണ്ട ആളാണെന്നു തോന്നുന്നു .പറയുന്ന കേട്ടാൽ തോന്നും അയാളാണ് റോഡിലുള്ള പാറകൾ നീക്കം ചെയുന്നത് എന്ന് )
ഇമ്മാതിരി ഡയലോഗും അടിചു ഫോണും വച്ചിട്ട് അങ്ങേരു പറയുകയാണ്.
"എല്ലാ വണ്ടിയും ഒരുമിച്ചു നിർത്തിയിടു , നമ്മുക്കൊരു ഗ്രൂപ്പ് ഫോട്ടോ എടുക്കാം "
"നല്ല ഐഡിയ എന്നിട്ടു ഒരു whatsapp ഗ്രൂപ്പ് തുടങ്ങി എല്ലാവര്ക്കും ഫോട്ടോ ഷെയർ ചെയ്യാം "
ഒരു സ്‌കോർപിയോ ഉടമയുടെ കമ്മന്റ്
"nako block " എന്നായിക്കോട്ടെ പേര് "
ഒരു തടിയൻ റൈഡർ പറഞ്ഞു.
ഇതെല്ലാം കണ്ടുകൊണ്ടു ഞാൻ അവിടെ ഇരുന്നു.ബാസിലിനെ വിളിച്ചു.അവന്റെ വണ്ടിയുള്ളവർ ബ്ളോക്കിലുടെ നടന്നു പോയി അപ്പുറത്തെ വശത്തെ ബസിൽ കയറി പിയോയ്ക്കു പോയത്രേ. ബ്ലോക്ക് മാറിയാൽ എങ്ങനെയെങ്കിലും പിയോ എത്താം അല്ലെങ്കിൽ ഇവിടെ എവിടെയെങ്കിലും കൂടാമെന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു.
ലിഫ്റ്റ് ചോദിക്കുന്ന Tsunit അണ്ണനെ അപ്പോഴാണ് ശ്രദ്ധിച്ചതു.ആൾ ഡൽഹി കറങ്ങാൻ പോയതാണ്.തിരിച്ചു വരുന്ന വഴിയിൽ ബ്ലോക്കിൽ കുടുങ്ങി.ബ്ളോക്കിലുടെ നടന്നു ഇപ്പുറത്തു നാക്കോവിൽ ഭക്ഷണം കഴിക്കാൻ വന്നതാണ് കക്ഷി.ഇപ്പൊ തിരികെ പോവാൻ ലിഫ്റ്റ് ചോദിച്ചു നില്കുന്നു. അദ്ദേഹം ടാബോവിലെ സ്‌കൂളിൽ ടീച്ചറാണ് ,അദ്ദേഹത്തിന്റെ മൂന്നു കൂട്ടുക്കാർ പിയോയിലേക്കു പോകുന്ന വഴിക്കു ബ്ലോക്കിൽ പെട്ട് താഴെ ബ്ളോക്കിലുണ്ട്.Tsunit മാഷിന്റെ ഫോൺ കാറിൽ വച്ചു മറന്നു പോയി.ഞാൻ എന്റെ ഫോൺ കൊടുത്തു.
നാളെ ഉച്ചയാവും ബ്ലോക്ക് തുറക്കാൻ എന്നാണ് അവർ പറയുന്നത്.ഇനിയിപ്പോ എന്ത് ചെയ്യും ?
എന്തായാലും ബൈക്കിനു ഇത്രയും ദൂരം ഇതുപോലത്തെ കാഴ്ചകളും കണ്ടു വന്ന യാത്ര ഉഗ്രനായിരുന്നു.പിയോ എത്താനാവാത്തതിൽ വിഷമിചിട്ടു വിഷമിച്ചിട്ടു . യാത്രകളിൽ ഇങ്ങനെ പലതും കടന്നു വരും. അതൊക്കെ ഓരോ അനുഭവമായിട്ടെടുക്കുക.എത്ര വാശി പിടിച്ചാലും ആഗ്രഹിച്ചാലും ബ്ലോക്ക് മാറാൻ പോകുന്നില്ല . പ്രകൃതിയോട് മല്ലിടാൻ മനുഷ്യൻ ഇനിയും വളർന്നിട്ടില്ല
നേരം ഇരുട്ടി തുടങ്ങി.തണുപ്പ് കൂടി കൂടി വരുന്നു.
കുറച്ചൂടെ കഴിഞ്ഞപ്പോ മാഷിന്റെ കൂട്ടുകാർ വിളിച്ചു.ഇനിയിപ്പോ ഒന്നും നോക്കാനില്ല.നാക്കോവിൽ തങ്ങാൻ ഒരു സ്ഥലം നോക്കിക്കോ ഞങ്ങൾ അങ്ങോട്ടു വരുവാ , അപ്പൊ അതിലൊരു തീരുമാനമായി,
ഞാനും മാഷും നാക്കോവിലേക്കു നടന്നു.
അവർ വീണ്ടും വിളിച്ചു.വേഗം റൂം നോക്കിക്കോ ഒരുപാട് വണ്ടികൾ അങ്ങോട്ട് വരുന്നുണ്ട്.
ഞാനും മാഷും നാക്കോവിലേക്കു നടന്നു.
അവർ വീണ്ടും വിളിച്ചു.വേഗം റൂം നോക്കിക്കോ ഒരുപാട് വണ്ടികൾ അങ്ങോട്ട് വരുന്നുണ്ട്.
ഞങ്ങളുടെ നടത്തം വേഗത്തിലായി.ഓഫ് സീസണിൽ ഉറങ്ങി കിടന്നിരുന്ന നാക്കോ ഗ്രാമം ഉണർന്നു.അവർക്കിന്ന് ചാകരയാണ്.
മാഷ് കൂടെയുള്ളതുകൊണ്ടു എനിക്ക് വല്യ പേടിയില്ല.അവർ നോക്കിക്കോളും എന്നുറപ്പുണ്ട്.
മാഷ് കൂടെയുള്ളതുകൊണ്ടു എനിക്ക് വല്യ പേടിയില്ല.അവർ നോക്കിക്കോളും എന്നുറപ്പുണ്ട്.
(തുടരും )

Leave a Comment