സ്പിതി താഴ്വരയിലേക്ക് episode 07 : നാക്കോ ഗ്രാമം & ഇന്റർനാഷണൽ ചീട്ടുകളി | Malayalam Travelogue


                        

Episode 1: Click here
Episode 2: Click here
Episode 3 : Click here
Episode 4 : Click here
Episode 5 : Click here
Episode 6 : Click here

നിങ്ങളുടെ നാട്ടിൽ ഈ കളിയുണ്ടോ ? ഇതാണ് ഞങ്ങളുടെ ഇന്റർനാഷണൽ ചീട്ടുകളി.ഇനി വേറെ ഒരെണ്ണം കൂടിയുണ്ട് നാഷണൽ "
ഇന്റർനാഷണൽ,നാഷണൽ,ഇത് ചീട്ടുകളിയുടെ പേരാണ്.
കൊടും തണുപ്പത്തു ബ്ലോക്ക് കാരണം നാക്കോ ഗ്രാമത്തിൽ റൂമെടുത്തിരിക്കുന്ന Tsunit മാഷിന്റെ കൂട്ടുകാർ ചീട്ടുകളിക്കുകയാണ്.ഇതെന്തു കളിയാണ് എന്ന് ഒരു ചുക്കും മനസിലാവാതെ 'കഴുത മാത്രം കളിയ്ക്കാൻ അറിയാവുന്ന ഞാൻ കുറെ നേരം നോക്കി നിന്നു.എന്നെ അവിടെ പിടിച്ചിരുത്തി സ്‌കോർ എഴുതാൻ പറഞ്ഞു.ഓരോ റൌണ്ട് കഴിയുമ്പോളും ഒരുത്തർക്കു ഒരു സ്‌കോർ ഉണ്ടാവും അത് ചിലപ്പോൾ 0 ആവാം അല്ലെങ്കിൽ നൂറിന് മുകളിൽ ഉള്ള സംഖ്യവുമാവാം.ഏറ്റവും കുറഞ്ഞ നമ്പർ കിട്ടുന്നയാളാണ് മുന്നിട്ടു നിൽക്കുക.ഓരോ റൌണ്ട് കഴിയുമ്പോളും സ്‌കോർ ആദ്യത്തേതിനോട് കൂടി കൂട്ടും.220 എത്തിയാൽ പൊട്ടി എന്നർത്ഥം.അവർക്കു തിരിച്ചു കളിയിൽ ജോയിൻ ചെയണമെങ്കിൽ 100 രൂപ കൊടുത്തു റീ എൻട്രി നടത്തണം.അത് കമ്പനിയുടെ പൊതു ചിലവിലേക്ക് എടുക്കും.കളി തുടങ്ങുമ്പോളും എല്ലാവരും 100 ഇട്ടിരുന്നു.അത് ജയിക്കുന്നയാൾക്കുള്ളതാണ്.റീ എൻട്രി നടത്തിയാൽ ബാക്കിയുള്ളവരിൽ ഇതാണോ ഏറ്റവും വലിയ സ്‌കോർ അതും വച്ചു കളി തുടരാം .ഞാൻ കളിക്കാരെ പരിചയ പെടുത്താം

Tsunit : നമ്മുടെ ടാബോവിലെ മാഷ്.ആള് വൻ തിരിച്ചു വരവുകൾക്കു പേര് കേട്ട ഖിലാഡിയാണ്.ആദ്യത്തെ കളിയിൽ പൊരുതി തോറ്റു .രണ്ടാമത്തെ കളിയുടെ ഒന്നാം റൗണ്ടിൽ നേരെ 120 അടിച്ചു ഇങ്ങേരു.അടുത്ത റൗണ്ടിൽ ആഞ്ഞു പിടിച്ചു 0 ആക്കി എന്ന് മാത്രമല്ല പലരുടെയും സ്‌കോർ നൂറിനടുത്തായിരുന്നു. ഇതുപോലെ 210 ൽ ഇരുന്നപ്പോഴും പുറത്താവലിന്റെ വക്കിൽ നിന്നും രക്ഷപെട്ടു
Tashi :ഷിംലയിൽ എന്തോ ബിസിനസ് ആണ് ടാഷിക്കു.കസായ്ക്കടുത്താണ് ഗ്രാമം.ആൾ കിട്ടിയ കിട്ടി പോയാ പോയി ആ ഒരു രീതിയാണ്.ഇടയ്ക്കു വമ്പൻ കളി അല്ലെങ്കിൽ അടപടലം പൊട്ടും.
Khanna : പ്രായം മാത്രമല്ല കളിയിലും കേമൻ ഇങ്ങേരാണ്.സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മിക്ക കളിയും ജയിക്കും .ആൾ ബിസിനസ് കാരനാണ്.ചണ്ഡീഗഡ് പോവുന്ന വഴിക്കു ബ്ലോക്ക് ൽ പെട്ടതാണ്.ആളും ടാബോവിൽ നിന്നും തന്നെ.
Thinndy Namgyal : തോൽക്കാനായി വിധിക്കപെട്ടയാൾ.ഏതു ഗ്രൂപ്പിലും അങ്ങനെ ഒരാൾ ഉണ്ടാവുമല്ലോ.പൊട്ടി പാളീസായാലും 100 മുടക്കി വീണ്ടും റീ എൻട്രി നടത്തും ഇദ്ദേഹം.ആളൊരു നാട്ടു വൈദ്യൻ ആണ്.
ഞങ്ങളുടെ ഹോട്ടൽ ഉടമയും ഇടയ്ക്കു വന്നു.ആൾടെ ഒരു മുന്നൂറു രൂപ പോയിക്കാണും.ഞങ്ങൾ ഈ മുറിക്കു കൊടുക്കുന്ന വാടക 500 ഉള്ളു.പക്ഷേ ബാക്കിയുള്ള മുറിയൊക്കെ പിന്നീട് തിരക്കായപ്പോൾ ആയിരത്തിനാണ് കൊടുത്തത്ത്.പൂട്ടി കിടന്നതായിരുന്നു ഇതെല്ലം.ബ്ലോക്ക് കാരണം അങ്ങേർക്കു കുറച്ചു കാശു തടഞ്ഞു.അതിന്റെ സന്തോഷം കാരണം വട്ടായി ആൾക്ക് ഭയങ്കര സന്തോഷം ആയിരുന്നു.300 രൂപ ആവിയായി പോയപ്പോളും അങ്ങേര് ചിരിച്ചോണ്ടിരുന്നു.

ഭക്ഷണം കിട്ടുന്ന അവിടെ തിരക്കായതുകൊണ്ടു തിരക്ക് കഴിയുന്നവരെ കളിക്കാം എന്നും പറഞ്ഞു തുടങ്ങിയതാണ്. കളി കഴിഞ്ഞു ചെന്നപ്പോൾ അവിടെ ഭക്ഷണം ഇല്ല.എനിക്കു വിശപ്പില്ലായിരുന്നു.ഇനിയിപ്പോ വന്നാൽ തന്നേ ബിസ്കറ്റ് വച്ചു അഡ്ജസ്റ് ചെയ്യാം.അതാലോചിച്ചു നിക്കുമ്പോഴേക്കും ടാഷി അണ്ണൻ ആൾട്ടോ സ്റ്റാർട്ടാക്കി .
"വണ്ടിയിൽ കയറു ബേട്ടാ "
"നമ്മളിതെങ്ങോട്ടാ ?"
"എവിടേലും ഭക്ഷണം കിട്ടുമോ എന്ന് നോക്കാം "
ഇവന്മാരുടെ സ്വഭാവം വച്ച് ഇനിയങ്ങു കാസ വരെ പോയിട്ടാണെങ്കിലും ഭക്ഷണം കഴിച്ചിരിക്കും.
(ബ്ലോക്ക് മറികടന്നു ലിഫ്റ്റ് ഉം വാങ്ങി നാക്കോവിൽ വന്നു പിന്നീട് അവിടെ പെട്ടുപോയ മാഷു തന്നെ വല്യ ഉദാഹരണം )
ബസൊക്കെ നിർത്തിയിടുന്ന വൈകുന്നേരം കുറേ നേരം പോസ്റ്റായി നിന്ന സ്ഥലത്തേക്കു വണ്ടി വിട്ടു.ഞാൻ "ഏക് എഗ്ഗ് ചൗമീൻ" കഴിച്ച അവിടെ ഭക്ഷണമുണ്ട്.ബ്ലോക്ക് കാരണം അവരിന്നു കുറച്ചു പൈസ ഉണ്ടാക്കിയിട്ടുണ്ട്.
തുക്പ്പയും മോമോസും മിക്സ് ചെയ്ത ഐറ്റം അവർ ഓർഡർ ചെയ്തു.വിശപ്പില്ലായിരുന്നതുകൊണ്ടു ഞാൻ ഒരു ചായ പറഞ്ഞു.അവർ നിർബന്ധിച്ചെങ്കിലും ഞാൻ കഴിച്ചില്ല.
Tsunit മാഷ് വിറകൊക്കെ ഇട്ടു തീയിട്ടു.തണുപ്പിനൊരു ആശ്വാസം.

വേറെ കുറച്ചു ലോക്കൽ അണ്ണന്മാർ കത്തിയടിക്കുന്നുണ്ട്.ടാഷി അണ്ണനും ഖന്ന അണ്ണനും അവരെ നേരത്തെ അറിയാം.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവരെ രണ്ടാളും അവരുടെ കൂടെ പോയി. രാത്രിയിൽ നിലാ വെളിച്ചത്തിൽ മലനിരകൾ കാണാൻ നല്ല ഭംഗിയായിരുന്നു.അത് പകർത്താനുള്ള കഴിവ് എന്റെ മൊബൈലിനു ഇല്ലാത്തതുകൊണ്ടു അതിനെ പുറത്തെടുത്തു തണുപ്പ് കൊള്ളിച്ചില്ല.
ഞങ്ങൾ മൂന്നാളും റൂമിലെത്തി കിടന്നു.
രാവിലെ മാഷ് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.ബ്ലോക്ക് ഇനിയും മാറിയിട്ടില്ല.ഞങ്ങൾ കാറിൽ ഗ്രാമത്തിന്റെ അങ്ങേ അറ്റത്തേക്ക് പോയി.ഇവരിതെങ്ങോട്ടാ പോണേ എന്നായിരുന്നു എന്റെ ചിന്ത.ടാഷി അണ്ണന്റെ അടുത്തേക്കായിരിക്കും എന്നാ കരുതിയെ.
ഇവരുടെ നാട്ടിലെ ഒരു ചേച്ചിയെ കെട്ടിച്ചു വിട്ടിരിക്കുന്നതു ഇവിടയാണ്.അവരുടെ വീട്ടിലേക്കാണ് ഞങ്ങൾ പോയത്.ഞങ്ങളെ (അതായതു മാഷിനെയും Thinndey ചേട്ടനെയും ) അപ്രതീക്ഷിതമായി കണ്ട ചേച്ചി സന്തോഷം കൊണ്ട് ഏതാണ്ടൊക്കെ പറഞ്ഞു ചിരിച്ചു.ഞാനും മലയാളത്തിൽ ചിരിച്ചു അകത്തേക്ക് കയറി.
ചായയും ബിസ്കറ്റും കൊണ്ടു വന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാത്തതുകൊണ്ടു വിശപ്പുണ്ടായിരുന്നു എനിക്ക്.ഞാൻ കുറച്ചു ബിസ്കറ്റ് തിന്നു.ടിവിയും കണ്ടു ചൂടും കാഞ്ഞു ഇരുന്നു.ഡൽഹിക്കു ഒക്കെ ടൂർ പോവാതെ കേരളത്തിലേക്കു ട്രിപ്പ് അടിച്ചൂടേ എന്നും പറഞ്ഞു കുറച്ചു ഫോട്ടോസൊക്കെ കാണിച്ചു ഞാൻ മാഷിന്റെ മനസിളക്കി.
സ്പിതി വൻ ആണെന് പറഞ്ഞപ്പോൾ മാഷ് പറയുവാ
"ഒരു പെണ്ണിനേം കെട്ടി ഇവിടങ്ങു കൂടിക്കൂടേ എന്ന് "

വീട്ടിലെ മകൻ വന്നു പരിചയപെട്ടു. ചന്ദ്രപ്രകാശ് എന്ന് പേര്.കൃഷിയുമൊക്കെയായി കഴിയുന്നു.
breakfast ആ ബിസ്കറ്റും ചായയും ആണെന്നാ ഞാൻ കരുതിയെ.മുഖവും കൈയും ചൂടുവെള്ളത്തിൽ കഴുകിയിട്ടു നമ്മുക്കിറങ്ങാം എന്നും മാഷ് പറഞ്ഞിരിന്നു.(ഇവരുടെ കുളിയാണ് ഇത്)അപ്പോൾ ഞാൻ കരുതി ഞങ്ങൾ ഉടനേ ഇറങ്ങുമെന്ന്.
അപ്പൊ ദാ ചന്ദ്രപ്രകാശിന്റെ 'അമ്മ ചൂട് ചോറും പരിപ്പുകറിയുമായി വരുന്നു.പരിപ്പ് ഞാൻ അങ്ങനെ കഴിക്കാറില്ല.മിക്കവാറും യാത്ര ചെയ്യുമ്പോ ഇതേ കിട്ടൂ .അപ്പോൾ മാത്രം കഴിക്കും.ഇവരുടെ പരിപ്പുകറി കിടിലൻ ആയിരുന്നു.കുറച്ചു ചോറ് ഒരുവിധം ഉണ്ടപ്പോൾ.ഒരു പാത്രത്തിൽ എന്തോ കുടിക്കാൻ തന്നു.ഞാൻ കരുതി സൂപ്പായിരിക്കും എന്ന്.അത് തൈരായിരുന്നു.നമ്മുടെ തൈര് പോലെയല്ല എന്തോ ഒരു രുചി.ഞാൻ പഞ്ചസാര ഇട്ടു ഒരുവിധം അതും തീർത്തു.ഇറങ്ങാൻ നേരത്തു അവർ പറഞ്ഞു.ഇനി എന്നെങ്കിലും നാക്കോ വന്നാൽ ഇവിടെ വരാൻ മറക്കരുത്.
"ചന്ദ്രപ്രകാശിന്റെ വീടേതാ എന്നാ ചോദിച്ചാൽ മതി ആരും പറഞ്ഞു തരും "
അവരോടു നന്ദിയൊക്കെ പറഞ്ഞു ഞങ്ങളിറങ്ങി.
(സ്നേഹത്തോടെ ഭക്ഷണം തന്ന വീട്ടിലേക്കുള്ള വഴി അങ്ങനെ എളുപ്പം മറക്കില്ല , അതുകൊണ്ടു ചന്ദ്രപ്രകാശിന്റെ വീട്ടിലേക്കുള്ള വഴി ഏതാ എന്ന് ആരോടും ചോദിക്കേണ്ട അവസ്ഥ ഒരിക്കലും വരില്ല        


                      

ഏതാണ്ട് ഒരുമണി ആവാറായപ്പോളാണ് ബ്ലോക്ക് മാറി എന്ന് സൂചന കിട്ടിയത്.ഞങ്ങൾ എല്ലാരും കൂടെ കാറിൽ കയറി താഴേക്കു പോയി.ഇതിന്റെ ഇടയിൽ അവർ എനിക്ക് പേരുമിട്ടു
"കേരള ബാബു "
"ഓയ് കേരള ബാബു , നിനക്ക് ഷിംല പോണമെങ്കിൽ ടാഷി അണ്ണന്റെ കൂടെ പോകാം , ചണ്ഡീഗഡ് പോണമെങ്കിൽ ഖന്നാജിയുടെ കൂടെ പോവാം , പിയോ മാത്രം പോയാൽ മതിയെങ്കിൽ Thinndey യുടെ കൂടെ വിട്ടോ. ഇനിയിപ്പോ തിരിച്ചു കാസ പോണമെങ്കിൽ എന്റെ കൂടെ പോരെ "
മാഷ് എനിക്ക് ഒരുപാട് ഓപ്‌ഷൻ തന്നു.
ബ്ലോക്കിലെത്തിയതും എല്ല്ലാരും അവരവരുടെ വണ്ടിയിലേക്ക് മാറി.ഞാൻ Thinndey യുടെ കൂടെ പോവാൻ തീരുമാനിച്ചു. ബ്ലോക്ക് മാറിയിട്ടില്ല. ഞങ്ങളെല്ലാം പോയി ബ്ലോക്ക് കണ്ടു.ഏതാണ്ടൊരു ഇരുനൂറു മീറ്റർ നിറയെ ബ്ലോക്ക് മാറ്റിയിട്ടുണ്ട്.ഇനിയും ഒരു അമ്പതു മീറ്റർ ശെരിയാക്കാനുണ്ട്.മൂന്നാലു തവണ വെടി വച്ചിട്ടുണ്ടെന്നു ഒരാൾ പറഞ്ഞു.
ഇനിയും സമയമുണ്ടെന്നു മനസിലാക്കിയ ഇവർ നടുറോഡിൽ ഒരു പടുത വിരിച്ചു ഇന്റർനാഷണൽ കളി തുടങ്ങി.ഇന്നലെ അടപടലം പൊട്ടി ഉള്ള പൈസ പോയ Thinndey ആണ് ആദ്യം ഇരുന്നത്.വേറെ ചില ലോക്കൽസും കൂടി.ഒക്കെ ഇവന്മാരുടെ പരിചയക്കാർ തന്നെ.സ്പിതിക്കാരെ പൊട്ടിക്കും എന്നും പറഞ്ഞു ഒരു കിന്നൗർ ജില്ലക്കാരനും കൂടി.ഇവർക്ക് ഈ കളി പ്രാന്താണ്.നമ്മളെപ്പോലെ സമയം കളയാൻ ഒരുപാട് വിനോദം ഇല്ലാത്തതുകൊണ്ടാവും ഇവർക്ക് ചീട്ടുകളി വട്ടു പിടിച്ചത്.

Thinndy പതിവ് തെറ്റിച്ചില്ല.വല്യ വല്യ സ്കോറും കൊണ്ട് ഇന്നും പൈസ കളയുന്ന ലക്ഷണമാണ്.ഖന്നാജി അനുഭവ സമ്പത്തുകൊണ്ടു മുന്നിട്ടു നിന്നു.ഏതാണ്ടൊരു മണിക്കൂർ കഴിഞ്ഞപ്പോൾ റോഡ് ശെരിയായി.എല്ലാരും അവരവരുടെ വണ്ടികളിലേക്കു കയറിയെങ്കിലും ഇവർ കളി നിർത്തുന്നില്ല.വേഗം വേഗം കളിക്കുകയാണ്.പൊട്ടി എന്നറിഞ്ഞപ്പോൾ Thinndy ഏണീറ്റു.വണ്ടികൾ പോവാൻ തുടങ്ങിയപ്പോൾ എല്ലാരും നിർത്തി.
എല്ലാരോടും യാത്ര പറഞ്ഞു ഞാനും THinndy അണ്ണനും കൂടി അണ്ണന്റെ പിക്ക് അപ്പ് വാനിൽ കയറി.അണ്ണൻ പാട്ട് വച്ചു .(അതില്ലാണ്ട് വണ്ടി ഓടില്ലാലോ )ഇനി പിയോ വരെ ഏതാണ്ട് ഒരു നൂറു കിലോമീറ്റർ ഉണ്ട്.അണ്ണൻ വണ്ടി പറപ്പിച്ചു.ബസ്സിൽ തുടങ്ങിയ യാത്ര ഇപ്പൊ ബൈക്കിലും പിക്ക് അപ്പ് വാനിലുമായി ഞാൻ തുടര്ന്നു കൊണ്ടിരിക്കുന്നു .
Spilow എത്തിയപ്പോ ഞാൻ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞു നിർത്തിച്ചു.എന്നെ ചുമ്മാ കൊണ്ട് പോവുന്നതല്ലേ ഇത്രേം ദൂരം.ലഞ്ചിന്റെ പൈസ ഞാൻ കൊടുത്തു.എഗ്ഗ് ചൗമീനിൽ കുർകുറെ മിക്സ് ചെയ്തു ഞാൻ വയറു നിറയെ കഴിച്ചു.
വണ്ടിയിൽ കയറിയപ്പ്പോൾ ഒരുത്തൻ വന്നു ലിഫ്റ്റ് ചോദിച്ചു.കണ്ടാൽ ഒരു എരപ്പാളി ലുക്ക്.ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നേ അയാളെയും കയറ്റി.ഒരു വളവ് തിരിഞ്ഞില്ലാ ,ദേ പോലീസ് ചെക്കിങ്.ഞങ്ങളുടെ രേഖകൾ ഒന്നും ശെരിയല്ല എന്ന് കണ്ടപ്പോൾ ഒരു 4000 എങ്കിലും വേണ്ടി വരുമെന്നു പോലീസ്.

ഇതെല്ലം പുതുക്കാൻ ആണ് പിയോയിലേക്കു പോവുന്നത് , ഞാൻ ടാബോവിൽ നിന്നാ എന്ന് പറഞ്ഞപ്പോൾ പോലീസ് ഒന്നയഞ്ഞു.അവർക്കു ഇങ്ങനെയുള്ള ആവശ്യത്തിന് അവർക്കു പിയോയിലോ ഷിംലയിലോ വരെ വരണം.
ഞങ്ങളുടെ പുറകിൽ ഇരിക്കുന്ന എരപ്പാളി ലുക്ക് ഉള്ള ചേട്ടൻ ഇടപെട്ടു.അയാൾ പോലിസിന്റെ നൻപൻ ആയിരുന്നു .പുള്ളിയെ കണ്ടതും പിന്നേ പോലീസുകാരൻ പൊയ്ക്കോളാൻ പറഞ്ഞു.ആൾക്ക് ലിഫ്റ്റ് കൊടുക്കാൻ തോന്നിയത് ഞങ്ങളുടെ ഭാഗ്യം.
ഇവൻ ആരെടാ ? ഇനി ഹിമാലയൻ അധോലോകം ടീമാണോ ? എന്തായാലും ഞങ്ങൾ രക്ഷപെട്ടു.
ചെക്ക്‌പോസ്റ്റിൽ വച്ചു രണ്ടു മൂന്നു ടീച്ചർമാർക്കും ലിഫ്റ്റ് കൊടുത്തു.ഇവരിൽ നിന്ന് ആരും Thinndey അണ്ണൻ പൈസ വാങ്ങിയില്ല.ചീട്ടു കളിച്ചു കളഞ്ഞ കാശ് വേണമെങ്കിൽ ഇങ്ങനെ ഉണ്ടാക്കാമായിരുന്നു.
പിയോ എത്തിയപ്പോൾ എന്റെ നമ്പർ അണ്ണൻ ഒരു കടലാസിൽ എഴുതി വാങ്ങി.അണ്ണന്റെ നമ്പർ ഞാൻ ഫോണിൽ സേവ് ചെയ്തു.കേരളമോ ഡെൽഹിയിലോ വരുമ്പോ വിളിക്കാം എന്നും പറഞ്ഞു Thinndey അണ്ണൻ യാത്ര പറഞ്ഞു.ഞാൻ സ്റ്റെപ്പും കയറി ബസ് സ്റ്റാൻഡിന്റെ അടുത്തേക്ക് നടന്നു.സംഭവ ബഹുലമായ കുറച്ചു ദിവസങ്ങൾക്കു ശേഷം അങ്ങനെ തിരികെ റെക്കോങ് പിയോ എത്തി.
നാളെ രാവിലെ കൽപ്പയിലും Rokhi ഗ്രാമത്തിലും പോയിട്ട് വേണം ഡൽഹിയിലേക്കുള്ള ബസ്സ് പിടിക്കാൻ.

No comments

Powered by Blogger.