സ്പിതി താഴ്വരയിലേക്ക് Episode 08 : The End : കൽപ്പ -റോഖി ബസ് യാത്ര : എന്ത് പറയുന്നു ? | Malayalam Travelogue
Episode 3 : Click here
Episode 4 : Click here
Episode 5 : Click here
Episode 6 : Click here
Episode 7: Click here
"കേരളത്തിൽ നിന്നുള്ളവർ ഒരുപാട് യാത്ര ചെയ്യും ,എന്നാൽ ഞങ്ങൾ ഹിമാചൽകാരെ നോക്കൂ എങ്ങോട്ടും പോവാറില്ല .ശെരിയല്ലേ ? എന്തു പറയുന്നു ?"
ഞാനും അപ്പോഴാണ് അത് ആലോചിച്ചത്.പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നി.
(സ്വർഗത്തിൽ താമസിക്കുന്നവർ എന്തിനാ വേറെ സ്വർഗം തേടി പോണേ ? എങ്ങോട്ടു നോക്കിയാലും ഭംഗിയല്ലേ ?
എങ്കിലും കടലൊക്കെ കാണാൻ ഇവർക്കും ആഗ്രഹം ഉണ്ടാവാതിരിക്കില്ല.)
എങ്കിലും കടലൊക്കെ കാണാൻ ഇവർക്കും ആഗ്രഹം ഉണ്ടാവാതിരിക്കില്ല.)
"ഇന്നാളൊരു ദിവസം , ഒരു മൂന്നാലു ദിവസം മുൻപേ കേരളത്തിൽ നിന്നും വന്ന ഒരുത്തന്റെ ബൈക്ക് തട്ടി ഒരാൾ മരിച്ചു.അവന്മാർ നിർത്താണ്ട് പോയി .ഞങ്ങൾ വിടുവോ, അടുത്ത ഗ്രാമത്തിലിട്ടു പിടിച്ചു.നല്ലോണം തല്ലി .അവർ ജോലിയൊന്നും ഇല്ലാ എന്നാ ആദ്യം പറഞ്ഞേ ഐഡി കാർഡ് നോക്കിയപ്പോൾ അവന്മാർ എഞ്ചിനീയേഴ്‌സ് ആയിരിന്നു അതും ഗവൺമെന്റ് സെർവീസിൽ .അവസാനം പത്തു ലക്ഷം കൊടുത്തു ഒതുക്കി."
(ഇത്രയും വല്യ സംഭവം നടന്നെങ്കിൽ പത്രത്തിൽ വരേണ്ടതായിരുന്നു. കഴിഞ്ഞ കുറേ നാൾ റേഞ്ച് ഇല്ലായിരുന്നല്ലോ. "സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സ്വീകരണം" എന്ന വാർത്ത കണ്ടു ഞെട്ടി ഇരികുമ്പോഴാണ് ഇങ്ങേരു കേറി വന്നത്.ഒരാഴ്ച നടന്ന സംഭവം ഒന്നും അറിയാത്തതുകൊണ്ട് ഞാൻ തർക്കിക്കാൻ പോയില്ല.ചിലപ്പോ ശെരിയാവും )
| ശല്യം |
പിയോയിൽ ഐഡിയയ്ക്കു റേഞ്ച് ഇല്ലാ.കയ്യിലുള്ള അംബാനിയാണെന്റെ സിം എടുത്തിട്ടിട് ഒരു ഫ്രണ്ട് നെ വിളിച്ചു റീചാർജ് ചെയ്യിപ്പിച്ചു. ഒരാഴ്ച മാത്രമേ റേഞ്ച് ഇല്ലാതിരുന്നുള്ളു എങ്കിലും ഒരു മാസം കഴിഞ്ഞു ലോകം കണ്ട ഫീൽ ആയിരുന്നു.ഓരോന്നൊക്കെ നോക്കി ഇരിക്കുമ്പോ അയാളുടെ ചോദ്യം
"താങ്കൾ എന്ത് ചെയുന്നു ."
" ഞാൻ എഞ്ചിനീയരാ ഡല്ഹിയിൽ"
"കൊള്ളാം കേരളത്തിൽ മുഴുവൻ എഞ്ചിനീയർസ് ആണ് ,എന്ത് പറയുന്നു "
"അങ്ങനെയൊന്നുമില്ല.എല്ല്ലാം ഉണ്ട് "
അങ്ങോട്ട് പോയപ്പോൾ താമസിച്ച ഹോട്ടൽ സായ്റാഗിൽ ബെഡ് ഒഴിവില്ലാത്തതുകൊണ്ട് ഇവിടെ വന്നു പെട്ടതാണ്.വല്യ സെറ്റ് ആപ്പ് ഒന്നുമില്ല.നൂറു രൂപയ്ക്കു വല്യ സെറ്റ് അപ്പ് പ്രതീക്ഷിക്കാനും പറ്റില്ലല്ലോ ".
ഈ "എന്ത് പറയുന്നു " എന്ന് പറയുന്ന മനുഷ്യൻ മണാലിക്കാരനാണ്.കാസയിലേക്കു പോവുന്നു.അവരുടെ ഏതോ ടൂറിസ്റ്റുകൾക്ക് സൗകര്യം ഏർപ്പാടാക്കാൻ പോവുന്നതാണ് അങ്ങേരു .
"കാസയ്ക് എപ്പോഴൊക്കെ ബസ്സുണ്ട് ?"
"ഒരെണ്ണം ഉള്ളൂ രാവിലെ ഏഴുമണിക്ക്"
"ഏയ് ഒന്ന് ഒന്നും അല്ല, പിന്നെയും കാണും "
(ഇയാൾക്കു അറിയാമെങ്കിൽ പിന്നേ എന്നോട് ചോദിച്ചത് എന്തിനാടോ )
"തിരക്കുണ്ടോ "
"ആ രാവിലെ പോയി ടിക്കറ്റു എടുത്തില്ലെങ്കിൽ ഇരിക്കാൻ സീറ്റ് കിട്ടില്ല "
"അത്രയ്ക്ക് തിരക്കുണ്ടോ ? നാളെ ചൊവ്വാ അല്ലേ തിരക്കൊന്നും കാണില്ല.എന്ത് പറയുന്നു "
എനിക്ക് ഇറങ്ങി ഓടാൻ തോന്നി.എന്തൊരു ശല്യം.
"സീറ്റ് വേണമെങ്കിൽ ടിക്കറ്റെടുക്കണം അല്ലെങ്കി കിട്ടാൻ സാധ്യതയില്ലാ എന്നാണ് എന്റെ ഒരിത്."
"മണാലിയും കൂടെ കണ്ടിട്ടു പോവൂ,ഞാൻ വേണേൽ ഡിസ്‌കൗണ്ടിൽ റൂം ശെരിയാക്കി തരാം."
"ഓഹ് വേണ്ട ഭായി സമയമില്ല."
ഭക്ഷണം കഴിക്കാൻ എപ്പോഴാ പോവുന്നേ , ലേറ്റ് ആയാൽ കിട്ടില്ല എന്നൊക്കെ ആൾ എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.പട്ടിണി കിടന്നാലും ഇങ്ങേരുടെ കൂടെ പോവില്ല എന്ന് ഞാൻ തീരുമാനിച്ചു.അയാൾ പോയി കഴിഞ്ഞപ്പോ ഞാൻ പോയി ഭക്ഷണം കഴിച്ചു വന്നു. പോകുന്ന വഴിയിൽ പിയോയിൽ താമസിച്ചപ്പോൾ മാരക തണുപ്പായിരുന്നു.ഇപ്പൊ അത്രയും ഇല്ല.കാസയിൽ ഇതിന്റെ വേറെ ലെവൽ തണുപ്പ് അനുഭവിച്ചതുകൊണ്ടു തോന്നുന്നതാണോ ?റൂമിൽ പിന്നെയുള്ളതു പിൻ പാർവതി വാലിയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു മാഷാണ്.കുറച്ചു വർത്തനമാനാമൊക്കെ പറഞ്ഞിരുന്നിട്ടു ഞങ്ങൾ കിടന്നു.
| മാഷ് |
രാവിലെ ഏഴു മണിക്കുള്ള ബസ്സിന് കയറി റോഖി ഗ്രാമം വരെ പോയി അതേ ബസ്സിന് തിരികെ വരണം.ആപ്പിൾ പൂത്തു നിൽക്കുന്ന സമയത്തു ആണേൽ അവിടെ താമസിക്കുന്നത് നന്നായിരിക്കും.ഇപ്പൊൾ പറ്റിയ സമയം അല്ല.പതിനൊന്നരയ്ക്കാണ് ഡെൽഹിക്കുള്ള ബസ്സ്.ഇങ്ങോട്ടു വന്ന ബസ്സ് തന്നേ .ഇരുപതു മണിക്കൂർ കൊണ്ട് ഡെല്ഹിയെത്തും.റോഖി ഗ്രാമത്തിലുള്ള suicide പോയിന്റ് എന്തായാലും കാണണമെന്നു സുമേഷേട്ടൻ മെസ്സേജ് അയച്ചു.
ബാസിൽ തലേ ദിവസം ഇങ്ങനെയാണ് ചെയ്തത്.ബസ്സിന്റെ ഫ്രണ്ട് സീറ്റിൽ ഇരിക്കാനും പുള്ളിക്ക് പറ്റി.എന്റെ ഉദ്ദേശം അതുതന്നെയാണ്.
രാവിലെ ആദ്യം എഴുന്നേറ്റത് ഞാനാണ്.ആറു മണിക്ക് പോയി ക്യൂ നിൽക്കേണ്ട മാഷും , "എന്ത് പറയുന്നുവും" ഉറക്കത്തിലാണ്.ഞാൻ വിളിച്ചു എഴുന്നേൽപ്പിക്കേണ്ട താമസം മാഷ് റെഡിയായി. മറ്റേ അങ്ങേരു പറയുവാ
"ഞാൻ ഒന്ന് റെഡി ആവട്ടെ നമ്മുക്ക് ഒരുമിച്ചു പൊവ്വാം "
എന്നും പറഞ്ഞു അങ്ങേരു ടോയ്‌ലെറ്റിൽ കയറി. "
മാഷ് ഒരു പത്തു മിനിറ്റു വെയിറ്റ് ചെയ്തു.ഇനിയും നിന്നാൽ കാസ വരെ നിൽക്കേണ്ടി വരും എന്ന് മനസിലായ മാഷ് സ്ഥലം കാലിയാക്കി.ഞാനും ഇറങ്ങി.
ഇങ്ങേർക്ക് സീറ്റ് കിട്ടരുതേ എന്നും പ്രാർത്ഥിച്ചോണ്ടു ഞാൻ താഴേക്കിറങ്ങി. കല്പ-റോഖി ബസ് ബസ് സ്റ്റാൻഡിൽ കയറില്ല.താഴെ ബസാറിൽ പോയി നിന്നാൽ സീറ്റ് കിട്ടും.അതുകൊണ്ടു ഞാൻ താഴേക്കു പോയി.അതേ സമയം ഒരു പ്രൈവറ്റ് ബസ്സും കല്പ പോകുന്നുണ്ട്.അതിൽ കയറിയിൽ റോഖി പോവാൻ പറ്റില്ല.ഒരുപാട് ലോക്കൽസും ഞാനും ബസ്സ് വന്നപ്പോ കാലിയായ ബസ്സിൽ കയറി.
കണ്ടക്ടർ ഒരു പുതിയ ചെക്കൻ ആണ്.പതിവ് കണ്ടക്ടർ മാർ പറയുന്നതുപോലെ ഡോർ അടയ്ക്കു,വേഗം കയറു.,ഉള്ളിലേക്ക് കയറി നിക്കൂ എന്നൊന്നും ഇവൻ പറയുന്നില്ല.ജോലിക്കു കയറിയേ ഉള്ളൂ എന്ന് തോന്നുന്നു .കുറച്ചു കഴിഞ്ഞപ്പോൾ ബാസിൽ പറഞ്ഞതുപോലെ ബസ്സ് കാലിയായി .എനിക്ക് ഏറ്റവും മുന്നിലുള്ള സീറ്റ് കിട്ടി.ഈ ബസിനു പോകുമ്പോൾ ഇടതു വശത്തു ഇരിക്കുക.മഞ്ഞിൽ മൂടി കിടക്കുന്ന കിന്നൗർ മലനിരകളും കണ്ടു ആപ്പിൾ തോട്ടങ്ങൾക്കു നടുവിലൂടെയാണ് ബസ്സ് കടന്നു പോവുക.ആപ്പിൾ മരങ്ങളെല്ലാം പൂത്തു നിൽക്കുന്നേയുള്ളൂ.ഒന്നുടെ വരണം ആപ്പിൾ ഉണ്ടാവുന്ന സമയത്തു.അന്നിവിടെ താമസിക്കണം.രാവിലെയായതുകൊണ്ടു കോട കാരണം കാഴ്ചകൾ അത്ര വ്യക്‌തമല്ല.അതുകൊണ്ടു തന്നെ നല്ല ഫോട്ടോസെടുക്കാനും പറ്റിയില്ല.എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും കൂടി 48 രൂപയ്ക്കു നടത്തിയ ചെറിയ ബസ് യാത്ര മുതലാവുന്ന കാഴ്ചകൾ കാണാൻ സാധിച്ചു.
കല്പ കഴിഞ്ഞു റോഖിയിലെക്കു പോവുന്ന വഴിക്കാണ് സൂയിസെഡ് പോയിന്റ്.താഴേക്കു നോക്കുമ്പോ തല കറങ്ങും.ഈ വണ്ടി ഓടിക്കുന്ന മനുഷ്യന് ഒരു പേടിയുമില്ലേ ?നമ്മൾ പൊക്കിയടിക്കുന്ന KSRTC ഡ്രൈവർമാർ HRTC കാരുടെ അടുത്ത് ഒന്നുമല്ല.ചെറുപ്പം മുതലേ കുന്നും മലയും കണ്ടു വളർന്നു പേടിയില്ലാത്ത ജന്മങ്ങളാണ് ഇവർ.
റോഖിയിലെത്തി ഇത്തിരി പോന്ന സ്ഥലത്തിട്ടു ബസ് തിരിച്ചു.സ്‌കൂൾ കുട്ടികളാണ് അധികവും കയറിയത്.ഏതു മൂഡിൽ ആണെങ്കിലും യൂണിഫോം ഇട്ട കുഞ്ഞു പിള്ളേരെ കാണുമ്പോൾ ഒരു സുഖമാണ്.
ആ ബസ്സിൽ തന്നേ ഇരുന്നു.തിരികെ റെക്കോങ് പിയോ ബസ് സ്റ്റാൻഡിൽ ഇറങ്ങി.
പതിനൊന്നു മണിക്ക് ഡൽഹി ടിക്കറ്റു കൊടുത്തു തുടങ്ങും.ഇരുപതാം നമ്പർ സീറ്റു തന്നെ ഞാൻ ബുക്ക് ചെയ്തു.ഇങ്ങോട്ടു വന്നപ്പോഴും അതേ സീറ്റായിരുന്നു.
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ ഏതാണ്ട് ഒരു ഇരുപതു പേർ ഉണ്ട് അങ്ങ് അംബാല വരെ.അവരുടെ ഒരു വലിയ ട്രെക്ക് വന്നു.വല്യ പെട്ടികളൊക്കെ ബസ്സിന്റെ മുകളിൽ കയറ്റി.അവന്മാരുടെ സീനിയർ പോയതിനു ശേഷം അവന്മാർ തമ്മിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്ക്.ചിലർ പെട്ടി മുകളിൽ കയറ്റാൻ സഹായിക്കുന്നില്ല.അതും പറഞ്ഞു ചിലർ വഴക്കു.
അവരുടെ "അച്ചടക്കം " നോക്കി നിന്ന് അവസാനം ഞാനും ബസിൽ കയറി.നല്ല സീറ്റ് ബുക്ക് ചെയ്തില്ല എന്നും പറഞ്ഞു അടുത്ത അടി തുടങ്ങി അവന്മാർ തമ്മിൽ.എന്റെ മുൻപിൽ ഉള്ള സീറ്റിന്റെ അടിയിൽ ബാഗ് വച്ചിരിക്കുന്നത് കാരണം എനിക്ക് കാലു നീട്ടി ഇരിക്കാൻ വയ്യ.ഇവരുടെ പല സീറ്റിന്റെ അടിയിലും ഇനിയും സ്ഥലമുണ്ട്.സഹികെട്ടപ്പോ ഞാൻ പറഞ്ഞു എടുത്തു മാറ്റാൻ.കുറച്ചു ഉച്ചയെടുത്തപ്പോൾ അത് മാറ്റി.ബസ്സ് എടുക്കാൻ നേരം അടുത്ത ബാഗ് കൊണ്ട് വന്നു വച്ചു.
ഇവർ ഒരു പെട്ടി എടുക്കാൻ മറന്നു പോയിരുന്നു.ബസാറിൽ അത് കൊണ്ടുവരാൻ വേണ്ടി ബസ് നിർത്തിയിട്ടു.സീറ്റെല്ലാം ഇവന്മാർ ബുക്ക് ചെയ്തതുകൊണ്ട് നിൽക്കേണ്ടി വന്ന ചില പഹാഡികൾ ബസ് ഒരുപാട് നേരം നിർത്തിയിട്ടപ്പോൾ ഒച്ചയെടുത്തു.
"പോലീസ് ആണെന്ന് കരുതി എന്തും കാണിക്കാം എന്നാണോ , ഇത് ഞങ്ങളുടെ കൂടെ ബസാണ്.ഞങ്ങളുടെ ഏതേലും സാധനം മറന്നു വച്ചാൽ ഇതുപോലെ നിർത്തി തരുമോ ? ഇവർക്ക് ഒരു ബസ്സ് തന്നേ ബുക്ക് ചെയ്തു പോവാമല്ലോ .വെറുതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് "
ഒരു കിടിലൻ പഹാഡി അപ്പൂപ്പൻ തുറന്നടിച്ചു.കുറച്ചു പോലീസുകാർ ഉച്ചയെടുത്തു.
തിരിച്ചു പോക്ക് ഇങ്ങനെയായി.ഇടയ്ക്കു മഴ പെയ്തു.രാംപൂരും കഴിഞ്ഞു നർഘണ്ഡയെത്തി.കഴിഞ്ഞ മാസമാണ് ഇവിടെ ഹട്ടു പീക്കിൽ ട്രെക്കിങ്ങിനു വന്നത്.ആ ഓർമകളെല്ലാം തിരികെ വന്നു.
ഷിംല എത്താറായപ്പോൾ രാത്രിയായി.എന്റെ അടുത്ത് ഇരിക്കുന്നതും ഒരു പോലീസ് കാരൻ തന്നെ.അയാൾ എന്നെ തള്ളി ഒരു മൂലയ്ക്ക് ഇരുത്തിയേക്കുവാണ് .ഞാൻ എന്തോ അയാൾക്ക് ചാരാൻ വേണ്ടി ഇരിക്കുന്നതുപോലെ.കുറേ സഹിച്ചു കഴിഞ്ഞു രാത്രിയിൽ ഇങ്ങനെ ആണേൽ ഉറങ്ങാൻ പറ്റില്ല എന്ന് കണ്ടപ്പോൾ ഞാൻ കാര്യം പറഞ്ഞു.
"എന്റെ തോളിൽ ചാരരുത്, കാലു നേരെ വച്ച് ഇരിക്ക് "
"അത് മുൻപിൽ ബാഗല്ലേ അതുകൊണ്ടാ കാൽ നീട്ടാൻ പറ്റാതെ "
"ഇത് ഞാൻ പിയോ വച്ച് പറഞ്ഞാർന്നാല്ലോ ,ഇരുപതു മണിക്കൂർ ഇങ്ങനെ പോകേണ്ടതാ കാലു നീട്ടാൻ പറ്റില്ല, ബാഗ് മാറ്റാൻ .എന്നിട്ടു ഇപ്പോൾഇങ്ങനേ പറഞ്ഞാൽ എങ്ങനെയാ "?
"ഒന്ന് രണ്ടു മണിക്കൂർ ആയി ഭായി,ഇനി രാത്രി മൊത്തം എനിക്ക് ഉറങ്ങാൻ പറ്റില്ല ഇങ്ങനെയാണേൽ"
അയാൾ ഒരു മാന്യൻ ആണെന്നു തോന്നുന്നു.അങ്ങേരു ഒന്നു ഒതുങ്ങി ഇരുന്നു.
മോശം കാലാവസ്ഥയിൽ ജോലി ചെയുന്ന ITBP പോലീസുകാരോട് ഒരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു.അതിവന്മാർ കളഞ്ഞു കുളിച്ചു.ഇവരുടെ സീനിയർ വന്നാൽ ഇവന്മാർ നല്ല അച്ചടക്കം കാണിക്കും.സമൂഹത്തിൽ ഇറങ്ങിയാൽ തനി കച്ചറ സ്വഭാവം.
സംഭവബഹുലമായാ ഒരു ട്രിപ്പായിരുന്നു ഇത്.ഡൽഹിയിൽ നിന്നും ഇരുപതു മണിക്കൂർ നീണ്ട ബസ് യാത്ര . വഴിയിൽ വച്ച് കണ്ടുമുട്ടിയ സുഹൃത്ത് ബാസിൽ, അടുത്ത ദിവസം ഒരു പത്തു മണിക്കൂറിന്റെ ഇതുവരെ കാണാത്ത സ്വപ്നസമാനായ സ്ഥലങ്ങളിലൂടെ ബസ് യാത്ര.നല്ലൊരു ഹോം സ്റ്റേയിൽ നല്ല മനുഷ്യരോടൊപ്പം രണ്ടു നാൾ.കീ മൊണാസ്ട്രി,ഹിക്കിം , ലാങ്‌സാ,ഗ്രാമങ്ങളിലെ കാഴ്ച.ബൈക്കിൽ ഒരു ഇരുനൂറു കിലോമീറ്റർ.നാക്കോവിലെ ബ്ലോക്ക് കാരണം നാക്കോ ഗ്രാമത്തിൽ ഒരു ദിവസം.താഷി.thinndy ,ഖന്ന, പിന്നെ മാഷ് ഇവരുടെ കൂടെ ഒരു രാത്രി.ഏതോ ഒരു വീട്ടിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചു pick up ൽ റെക്കോങ് പിയോ വരെ.അതി രാവിലെ മഞ്ഞു മലകളും കണ്ടൊരു ചെറിയ ബസ് യാത്ര.അവസാനം തിരിച്ചും ഇരുപതു മണിക്കൂർ നീണ്ട ഓർഡിനറി ബസ് യാത്ര ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളുമായി ഞാൻ തിരികെ പോവുകയാണ്.കാസയിലെ കൊടും തണുപ്പിൽ നിന്നും ഡൽഹിയിലെ ചൂടിലേക്ക്.
ഒരാഴ്ച നീണ്ട യാത്രയുടെ ക്ഷീണമുള്ളതുകൊണ്ടു ഞാൻ ഉറങ്ങിപ്പോയി.അമ്പാലയിൽ ഇവന്മാർ ഇറങ്ങുന്ന ബഹളം കേട്ടാണ് പിന്നീട് എഴുന്നേറ്റത്.എന്റെ അടുത്തുളള സീറ്റ് കാലിയായി.അതിൽ തലയും വച്ചു ആ ഓർഡിനറി ബസിൽ ഞാൻ സുഖമായി ഉറങ്ങി.നാളെ രാവിലെ ഒരു ഏഴുമണി ആവുമ്പൊ ഡൽഹി എത്തും.ഒരു മണിക്കൂർ വേണം റൂമിലെത്താൻ.ഒരു കുളിയും പാസാക്കി നേരെ ഓഫീസിലേക്ക് പോണം.
-------------------------------------------------------------------------------------------------

Leave a Comment