അഗസ്ത്യാർകൂടം | Agasthyarkoodam Trekking [2] | Base Camp to Peak
പടക്കം പോലൊരു കട്ടൻ ചായയും കുടിച്ചു മധു ചേട്ടൻ ക്യാമ്പിൽ വന്നപ്പോൾ ജെസ്വിൻ ഷൂ ഇടുന്നു
“തകർക്കുവാണല്ലോ “
മധു ചേട്ടന്റെ സ്ഥിരം ഡയലോഗ് .
നമ്മൾ ചുമ്മാ നിക്കുവാണെങ്കിലും അത് കണ്ടാൽ പുള്ളിക്കാരൻ പറയും “തകർക്കുവാണല്ലോ “ എന്ന് .
എല്ലാരും റെഡിയായി ബ്രേക്ഫാസ്റ് കിട്ടാൻ വേണ്ടി കാന്റീനിന്റെ മുൻപിലേക്ക് വന്നു . ഞങ്ങളൊക്കെ sweater ഉം തൊപ്പിയും ഷാളും ഒക്കെ ഇട്ടു നിൽകുമ്പോൾ.മധു ചേട്ടൻ ഒരു ഷർട്ട് മാത്രമിട്ട്,കൈയിലുള്ള തോർത്തുകൊണ്ടു തലയിൽ ചുറ്റി ഒരു വടിയും പിടിച്ചു നിക്കുവാണ്. ഞങ്ങൾ ബ്ലാങ്കറ്റ് ഒക്കെ കൊണ്ടുവന്നപ്പോ ആൾ കൈയിലുള്ള രണ്ടു മുണ്ടു വച്ചാണ് തണുപ്പിനെ പ്രതിരോധിക്കുന്നത്. ക്യാമ്പിലെ ഏറ്റവും ചെറിയ ബാഗ് മധു ചേട്ടന്റെയാകും.
തണുപ്പ് കാരണം ഞാൻ ഒരു ഷോൾ കൊണ്ട് തല മൂടിയിട്ടുണ്ട്.അത് കണ്ടു എനിക്ക് ഇവന്മാർ അരവിന്ദ് കെജ്രിവാൾ എന്ന് പേരുമിട്ടു.
ഏഴു മണിക്കേ ബ്രേക്ഫാസ്റ് കിട്ടൂ . അത് വാങ്ങിയാൽ മുകളിലേക്ക് പോകാം. അഗസ്ത്യമല കയറി തിരികെ ക്യാമ്പിലേക് വരിക.അതാണ് ഇന്നത്തെ പ്ലാൻ.
ക്യാന്റീനിൽ കൂപ്പൺ കൊടുക്കുന്ന സുരേന്ദ്രൻ ബ്രോ ആയിട്ടു മധു ചേട്ടൻ കത്തി അടിക്കുന്നുണ്ട്. ഭക്ഷണം റെഡി ആയോ എന്നറിയാൻ ഞാൻ സുരേന്ദ്രൻ ബ്രോയുടെ അടുത്തു ചെന്നു . ഞങ്ങൾ കുറച്ചു സംസാരിച്ചു. ആൾ ബോണക്കാടിനു അടുത്തുള്ള കാട്ടിലാണ് താമസിക്കുന്നത്.
അഗസ്ത്യാര്കൂടം ട്രെക്കിങ്ങ് ഉടനെ കാൻസൽ ആവുമെന്നാണ് ബ്രോ പറയുന്നത്. അതാണ് അവർക്കും നല്ലതെന്നും പറഞ്ഞു. കാരണം കോവിഡ് നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ ഓരോ ദിവസവും ഇരുനൂറു പേർ കയറേണ്ടതാണ്.ഇതിപ്പോ അമ്പതു പേരേയുള്ളൂ . കാന്റീനിലെ ജോലിക്കാരുടെ എണ്ണമൊക്കെ പഴയതുപോലെയാണ്.അപ്പൊ ഇവർക്കു നഷ്ടമാണ്.
സുരേന്ദ്രൻ ബ്രോയ്ക്കു അത്യാവശ്യം പഠിപ്പുണ്ടെന്നു ആളുടെ സംസാരത്തിൽ നിന്നും മനസ്സിലായി.
ക്യാമ്പിലും ഗൈഡുമാരായും എല്ലാം ട്രൈബൽസ് ആണ് ജോലി ചെയ്യുക. സീസണിൽ അവരുടെ വരുമാനമാർഗമാണ് അഗസ്ത്യാർകൂടം ട്രെക്കിങ്ങ്.
സംസാരിച്ചിരിക്കുമ്പോ ബ്രേക്ഫാസ്റ് റെഡി ആയി. പുട്ടും കടലയുമാണ്. ഞങ്ങളുടെ പൊതിയെല്ലാം വാങ്ങി ഒരു ബാഗിലാക്കി.ഗ്ളൂക്കോസും ,ബിസ്കറ്റും വെള്ളവുമെല്ലാം വേറൊരു ബാഗിലും എടുത്തു . അരവിന്ദിന്റെ കുപ്പിയിൽ ഞങ്ങൾ ചൂടുവെള്ളം പിടിച്ചു.
മധു ചേട്ടൻ ഒരു കുപ്പിയുമായി ചെന്ന് :
“മോനെ കുറച്ചു ചൂടുവെള്ളം , നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ കുറച്ചു ചായപൊടിയും പഞ്ചസാരയും കൂടെ ഇട്ടേര് “
മധു ചേട്ടൻ നമ്മുക്ക് പോകാം എന്നും പറഞ്ഞു നടത്തം തുടങ്ങി. ഞങ്ങളും പുറകെ പോയി. ഞങ്ങളുടെ മുൻപിൽ പോയി എന്തെങ്കിലും പ്രേശ്നമുണ്ടോ എന്നറിയാൻ രണ്ടു പേര് മുൻപേ പോയി.ആനയൊക്കെ ഉണ്ടെങ്കിൽ ഓടിക്കാനാണ് അവർ പോകുന്നത്.
ചെറിയ കയറ്റമൊക്കെ കയറി അങ്ങനെ പോകുമ്പോൾ ആനയുടെ ചിന്നംവിളി കേട്ടു . ഉടനെ തന്നെ പടക്കവും പൊട്ടുന്ന ശബ്ദവും കേട്ടു . രണ്ടാമതും പടക്കം പൊട്ടി. ഞങ്ങളോട് ശബ്ദം ഉണ്ടാകാതെ നിൽക്കാൻ അവർ പറഞ്ഞു. ക്രിസ്റ്റി കുറച്ചു പുറകിലായിരുന്നു. അവനോട് വേഗം കേറി വരാൻ പറഞ്ഞു. പാവം ഒരുവിധമാണ് കയറ്റം കേറി വന്നത്.അവനോടാണ് വേഗം വരാൻ പറയുന്നേ .
പടക്കം പൊട്ടിയതും മുൻപേ പോയ സ്നോയിയും ജിമ്മിയും താഴേക്ക് ഓടി. ജിമ്മി കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചെത്തി. സ്നോയി ഇപ്പോ ആ പോയ പോക്കിൽ ബോണക്കാട് എത്തിയെന്നാണ് തോന്നുന്നേ.
ആനയുടെ ശല്യമുള്ളതുകൊണ്ട് എല്ലാവരും ഒരുമിച്ചാണ് കയറുന്നത്. ഇത്രയും ചെറിയ പാറയിടുക്കിലൂടെ ആനയൊക്കെ പോകുമോ എന്നായിരുന്നു ജെസ്വിൻറെ സംശയം
“ഇതൊക്കെ ആനയുടെ നാഷണൽ ഹൈവേ ആണ് “ എന്നായിരുന്നു ഗൈഡിന്റെ മറുപടി.
| ഫ്രഷ് ആനപ്പിണ്ടം |
ഇടയ്ക്കു നിൽകുമ്പോൾ ഫോട്ടോയൊക്കെ എടുത്തു ഇല്ലിക്കാട്ടിലൂടെ ഞങ്ങൾ മുകളിലേക്ക് കയറി. ഇന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം ഉയരത്തിലേക്ക് ഞങ്ങൾ കയറും. 1860 മീറ്റർ ഉയർത്തിലാണ് അഗസ്ത്യമല. അകലെ കാണുന്ന മലകളിലൊക്കെ കോട വന്നു നിറയുകയാണ്. വേഗത്തിൽ കോടകൾ നീങ്ങുന്നു. അഗസ്ത്യമലയിലേക് നോക്കിയാലും അത് തന്നെ അവസ്ഥ.
കാന്റീനിൽ നിന്നും കിട്ടിയ വെള്ളത്തിന് ഒരു പുകമണമുണ്ട് . ജിനേഷ് ചേട്ടന് അത് കേട്ടപ്പോൾ കുട്ടികാലം ഓർമ വന്നു.
ഇന്നലത്തെ പോലെ തന്നെ മധു ചേട്ടൻ ഇനി ഒരു രണ്ടു കിലോമീറ്റർ കൂടെയുള്ളൂ എന്നൊക്കെ തട്ടി വിടുന്നുണ്ട്. ഞങ്ങൾ ഇനി വിശ്വസിക്കില്ല എന്ന് തന്നെ പറഞ്ഞു.
ഇല്ലിക്കാട് കഴിഞ്ഞു നേരെ കയറി ചെല്ലുന്നത് ഒരു അരുവിയിലേക്കാണ്. ചുറ്റും പാറകൾ മാത്രം.
ഞങ്ങൾ കുറേ ഫോട്ടോസ് എടുത്തു അവിടെ നിന്നു . അവിടെ നിന്നു ടൈറ്റാനിക് പോസിൽ കൈ രണ്ടും നീട്ടിപിടിച്ചു ഫോട്ടോ എടുത്തപ്പോൾ ശാലു ചേട്ടനും അതേപോലെ ഒരെണ്ണം വേണം. ചേട്ടനും ഞങ്ങൾ എടുത്തു കൊടുത്തു. ഞങ്ങൾ നിൽക്കുന്ന സ്ഥലത്തു നിന്ന് മുകളിലേക്കു നോക്കിയാൽ അടിപൊളിയാണ്.
ഫുൾ കോടയും വെയിലും കൊണ്ട് മലകളൊക്കെ അങ്ങനെ അതിന്റെ ഭംഗിയിൽ നിൽക്കുകയാണ് .
എല്ലാവരും മുകളിലേക്ക് പോയി. ഇനി ആനയുടെ ശല്യം ഇല്ലെന്നു തോന്നുന്നു . ഗൈഡുമാർ ആരെയും കാണാനില്ല.
ഇനി പാറയിലൂടെ വേണം മുകളിലേക് കയറാൻ . അരവിന്ദ് മുകളിൽ ഞങ്ങളെ കാത്തിരിപ്പുണ്ട്.
ഈ അരുവി മുതലുള്ള കാഴ്ചകളാണ് ഇപ്പോഴും ഏറ്റവും മികച്ചതായി തോന്നുന്നത്. ലൈഫിലെ one of the best ട്രിപ്പ് ആയി അഗസ്ത്യാർകൂടം മാറിയതും ഇതൊക്കെ കൊണ്ടാണ്.
അരവിന്ദനയെയും കൂട്ടി മുകളിലേക്ക് പോയവരിൽ ഏറ്റവും പുറകിലായി ഞങ്ങൾ നടന്നു. അത്യാവശ്യം നിരപ്പിലൂടെയാണ് ഞങ്ങൾ പോകുന്നത്.
ഇതാണ് പൊങ്കൽ പാറ. ഇവിടെയിരുന്നാണ് എല്ലാവരും ബ്രേക്ഫാസ്റ് കഴിക്കുന്നത്. പണ്ടിവിടെ തമിഴ്നാട്ടിൽ നിന്നും വരുന്ന ഭക്തർ പൊങ്കാല ഇടുമായിരുന്നു. ഇപ്പോൾ കോടതി ഉത്തരവ് പ്രകാരം അതൊന്നും അനുവദനീയമല്ല.
ആ നിരപ്പിന്റെ അവസാനമുള്ള അരുവിൽ സുരേഷ് ചേട്ടനും മധു ചേട്ടനും ജിനേഷ് ചേട്ടനുമൊക്കെ ഭക്ഷണം കഴിക്കുവാണ്. ഞങ്ങളും അവിടെ ഇരുന്നു. എല്ലാവരും കുറച്ചു മടുത്തിരുന്നു.
“വേണമെങ്കിൽ കുറച്ചൂടെ മുകളിൽ പോയി കഴിക്കാട്ടോ “ മധു ചേട്ടൻ പറഞ്ഞു
“ഓ വേണ്ട ഞങ്ങൾ ഇവിടെ തന്നെ ഇരുന്നോളാം “(ഇനിയും കയറ്റം കയറാനുള്ള ത്രാണി ആർക്കുമില്ല )
ഞങ്ങളൊക്കെ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദുള്ള പുട്ടും കടലയുമായിരുന്നു അതു. ഉയരം കൂടിയതുകൊണ്ടൊന്നും അല്ല , പുട്ടും കടലയും ഉണ്ടാക്കിയ കൈപ്പുണ്യവും അല്ലാ , എല്ലാവരും നടന്നു ഇടപാട് തീർന്നിരുന്നു. വിശന്നു തളരുമ്പോൾ കിട്ടുന്ന എന്തും നല്ലതായിരിക്കുമല്ലോ അതുകൊണ്ട് തന്നെ എല്ലാവരും നിമിഷ നേരംകൊണ്ട് കഴിച്ചു തീർത്തു.
ഇനി അരുവികൾ ഉണ്ടാവാൻ സാധ്യത ഇല്ലാത്തതുകൊണ്ട് എല്ലാ കുപ്പിയിലും വെള്ളം നിറച്ചു.
ഇനി കാട്ടിലൂടെയായാണ് കയറ്റം കേറേണ്ടത് . അതാവശ്യം steep ആയ കയറ്റമാണ്. അതുകൊണ്ടു തന്നെ എല്ലാവരും മടുത്തു തുടങ്ങി. പക്ഷേ വയനാടൻ ജെസ്വിൻ പുല്ലുപോലെ കയറിപോയി.അവനിതൊക്കെ സർവ്വ സാധാരണം.
ഞങ്ങളുടെ കൂട്ടത്തിൽ കയറുന്ന ഷാജു ചേട്ടൻ 1997 മുതൽ മുടങ്ങാതെ അഗസ്ത്യമലയിൽ വരുന്നു. നേരത്തെ കണ്ട ശാലു ചേട്ടനും ഷാജു ചേട്ടനും ചേട്ടൻ അനിയന്മാരാണ്.(പക്ഷേ കണ്ടാൽ പറയില്ല )
“ചേട്ടനപ്പോ എന്ത് പ്രായമുണ്ട് “?
ഞാൻ ഒരു കൗതകത്തിനു ചോദിച്ചു
“കണ്ടാൽ എത്ര പറയും “
“ഒരു നാൽപതു “ ? (ആൾക്ക് വിഷമം ആവണ്ട എന്ന് കരുതി ഞാൻ ഇച്ചിരെ കുറച്ചാണ് പറഞ്ഞത് )
“നാല്പത്തൊമ്പത് “
ഇവർക്കൊക്കെ എങ്ങനെ എല്ലാ വർഷവും പാസ്സ് കിട്ടുന്നു എന്നാണ് ഞാൻ ആലോചിച്ചത്.
ഒരു വലിയ കയറ്റം കഴിഞ്ഞപ്പോൾ മധു ചേട്ടനും സുരേഷ് ചേട്ടനുമൊക്കെ ഒരു പാറയിൽ ഇരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ അവർ പാറയിൽ ഇരുന്നോ എന്നും പറഞ്ഞു എണീറ്റ് തന്നു.
അവിടെ ഇരുന്നു ഞാനും അരവിന്ദും വെള്ളം കുടിച്ചു. പ്രണവ് പയ്യെ കേറി വരുന്നുണ്ട്. ക്രിസിന്റെ വിവരമൊന്നുമില്ല. വെള്ളമെല്ലാം ഞങ്ങളുടെ കയ്യിലാണ്. കുറച്ചു നേരം ഇരുന്നിട്ടും ക്രിസിന്റെ സൂചനയൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ഒരു കുപ്പി വെള്ളം അവൻ വരുബോൾ കാണുന്ന രീതിയിൽ വച്ചു .
അടുത്ത ഭാഗവും നല്ല കയറ്റം തന്നേ. കിതച്ചു കിതച്ചു കയറുകയാണ്. കൂട്ടത്തിൽ ഏറ്റവും physically weak ഞാൻ ആണ്. അതുകൊണ്ടു തന്നെ ഞാൻ മടുത്തു. എന്റെ അവസ്ഥ കണ്ടിട്ട് അരവിന്ദനും ജെസ്വിനും ബാഗ് എനിക്ക് തന്നില്ല. ഞങ്ങൾ മാറി മാറിയാണ് പിടിച്ചുകൊണ്ടിരുന്നത്. അവസ്ഥ ഇതാണെങ്കിലും ഞാൻ അവരുടെ കൂടെ തന്നെ കേറുന്നുണ്ട്.ഞാൻ ആദ്യഭാഗത്തു പറഞ്ഞപോലെ മൈൻഡ്സെറ് ആണ് എന്റെ അഭിപ്രായത്തിൽ എനിക്ക് പ്രധാനം. അതുകൊണ്ട് മടുത്തു പണ്ടാരമടങ്ങിയെങ്കിലും ഞാൻ ഓരോ സ്റ്റെപ് ഉം മുകളിലേക്ക് കയറി.
ഇടയ്ക്കൊന്നു ഇരുന്നാലോ എന്ന് ചോദിച്ചപ്പോൾ അരവിന്ദൻ വേണ്ടാ നടക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ നിർത്താതെ നടന്നു. കാടിനുള്ളിൽ നിറയെ കോടയാണ് അതുകൊണ്ട് തണുപ്പുണ്ട്. എങ്കിലും ഞങ്ങൾ വിയർത്താണ് നടക്കുന്നത്.
കുറെ കയറിയപ്പോൾ അരവിന്ദൻ പറഞ്ഞു
“എബി, കഴിഞ്ഞു, ആകാശം കാണുന്നുണ്ട് “
“ആശ്വാസം “
ഇനി പാറയിലൂടെ റോപ് പിടിച്ചു കയറണം. മധു ചേട്ടനൊക്കെ കയറുന്നുണ്ട്
“ഇത് അവസാനത്തെ ആണോ ? “
മധു ചേട്ടൻ : “അതേടാ , ഉള്ള വടങ്ങളിൽ ഇതാണ് അവസാനത്തേത് , ഇനി ഒന്നും രണ്ടും മൂന്നും നാലും കൂടെയുണ്ട്.”
നിങ്ങളൊരുമാതിരി …
മധു ചേട്ടനും സുരേഷ് ചേട്ടനുമൊക്കെ പണ്ട് വന്നിട്ടുണ്ട് . അതുകൊണ്ടാണ് ഞങ്ങൾ ഇടയ്ക്ക് അവരോടു വഴി ചോദിക്കുന്നത്.
വടത്തിൽ പിടിച്ചു കയറാൻ ആദ്യം ഒന്ന് പേടിച്ചെങ്കിലും അങ്ങനെ കയറാൻ ശെരിക്കും എളുപ്പമാണ്.
ഇനി ഒരു കാട്ടിലൂടെ വീണ്ടും കയറാനുണ്ടെന്നു ഒരു ചേട്ടൻ പറഞ്ഞു.
അങ്ങനെ വീണ്ടും കാട്ടിലൂടെ കിതച്ചു കിതച്ചു കയറി. പ്രണവ് ഞങ്ങളുടെ പുറകെയെത്തിട്ടുണ്ട്. ക്രിസ് എവിടെ ആണെന്നു ഒരു പിടിയുമില്ല.
വീണ്ടും ഇടയ്ക്കു വടം വന്നു.
കയറുന്ന വഴിയിലെ കാഴ്ച്ചകളും ഇടയ്ക്കു ഞങ്ങളുടെ കടന്നു പോകുന്ന കോടയുമെല്ലാം കേറുന്ന ക്ഷീണം കുറയ്ക്കുന്നുണ്ട്.
“പണ്ട് വന്നപ്പോ തമിഴന്മാർ അവൽ നനച്ചു തന്നു. പൂജയൊക്കെ നിർത്തിയോണ്ട് ഇത്തവണ അതൊന്നുമില്ല “
മധു ചേട്ടനു ഇടയ്ക്കു വിശന്നപ്പോൾ സങ്കടം പറഞ്ഞു.
| ജിനേഷട്ടൻ |
| സുരേഷേട്ടൻ |
കാട് കയറിയും വടം പിടിച്ചു കയറിയും അവസാനം ഞങ്ങൾ മുകളിൽ കയറി. ഇന്നലെ ആദ്യം വന്ന ആ മൂന്നംഗ സംഘം മുകളിൽ കയറിയിട്ട് തിരികെ ഇറങ്ങി വരുന്നുണ്ട്. അവർ ഇന്ന് തന്നെ ബോണക്കാട് പോകും. എന്നാലും ഇവരെങ്ങനെ ഇത്ര വേഗം കയറുന്നു ?
അവസാന ഒരു പത്തു മീറ്റർ ഞങ്ങൾ കയ്യും കാലുമൊക്കെ ഉപയോഗിച്ചാണ് കയറിയത്.
ഇതുവരെ കയറി വന്ന ബുദ്ധിമുട്ടെല്ലാം മറക്കുന്ന ഫീലാണ് മുകളിൽ. നമ്മളെ എടുത്തോണ്ട് പോകുന്ന കാറ്റാണ്.അതുകൊണ്ട് സൂക്ഷിച്ചു വേണം നിൽക്കാൻ.നല്ല തണുപ്പും കോടയുമുണ്ട്.
മേഘങ്ങളൊക്കെ സൂപ്പർഫാസ്റ് ആയി പോകുന്നുണ്ട്.ഒരു heavenly ഫീലിങ്ങാണ് മുകളിൽ.
ഞാൻ തണുപ്പ് സഹിക്കാൻ വയ്യാതെ എന്റെ കെജ്രിവാൾ ഷോൾ എടുത്തു തലയ്ക്കു ചുറ്റും ചുറ്റി.
പ്രണവും മുകളിലെത്തി. ക്രിസ് വരുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ അവിടെ ഇരുന്നു.
അഗസ്ത്യമുനിയുടെ ഒരു വിഗ്രഹമുണ്ട് അവിടെ. പൂജ ഇപ്പോൾ പറ്റില്ലാത്തതുകൊണ്ട് അവിടേയ്ക്ക് പ്രവേശനമില്ല. അടുത്ത് നിന്ന് കണ്ടു. മധു ചേട്ടനും സംഘവുമൊക്കെ എത്തി.
“ യെസ് , കമ്പ്ലീറ്റ് ചെയ്തിരിക്കുന്നു “ എന്നും പറഞ്ഞു കയ്യും പൊക്കിയാണ് മധുച്ചേട്ടൻ കേറി വന്നത്. (ഈ പ്രായത്തിലും എന്നാ ഒരിതാ )
ഒടുവിൽ കാത്തിരിപ്പിനു ശേഷം sweater അരയിൽ ചുറ്റി അതിൽ കുപ്പിയും വച്ചു ക്രിസ് മേഘങ്ങൾക്കിടയിലൂടെ കയറി വന്നു.
മുകളിൽ നിന്ന് നോക്കിയാൽ ഞങ്ങളുടെ ബേസ് ക്യാമ്പ് കാണാം . ഞങ്ങൾ ഇന്നലെ കയറി വന്ന പുൽമേടുകളും അകലെ കാണാം. ഒരു ഡാം കാണുന്നത് നെയ്യാർ ഡാം ആണോ പേപ്പാറ ഡാം ആണോ എന്ന് കൺഫ്യൂഷ്യൻ ആയി.
ഇനി ഫോട്ടോ എടുപ്പാണ്.അരവിന്ദനും ജിമ്മിയും കൂടെ ഫോട്ടോ എടുത്തു. മേഘം ഓടി പോകുന്നത് ബാക്ക്ഗ്രൗണ്ട് ആക്കി എല്ലാവരും ഫോട്ടോസൊക്കെ എടുത്തു. അടുത്ത് കുറച്ചു മല നിരകൾ ഉള്ളത് ഫോട്ടോ എടുക്കാൻ പറ്റുന്നില്ല. മേഘങ്ങൾ വന്നു മൂടി നിക്കുകയാണ് . അതിന്റെ ഫോട്ടോ കിട്ടിയാൽ അയക്കണേ എന്ന് ജിസ്ബിൻ പറഞ്ഞു. അവൻ ഇറങ്ങാൻ നിക്കുമ്പോൾ മേഘങ്ങൾ മാറി മലനിരകൾ തെളിഞ്ഞു കണ്ടു. നിമിഷ നേരം കൊണ്ട് വീണ്ടും മേഘം വന്നു മൂടി. എല്ലാവരും കിട്ടുന്ന ചെറിയ ഗ്യാപ്പിൽ ഫോട്ടോസ് എടുത്തു.
| ബേസ് ക്യാമ്പ് |
ഇതിന്റെ ഇടയിൽ അരവിന്ദൻ ഷോൾ ഒക്കെ ഇട്ടു മുഖം മൂടി കിടന്നുറങ്ങി. അവൻ എവിടെ പോയാലും ഇങ്ങനെയാണ്. ആലപ്പുഴ ബോട്ടിംഗ് നു പോയപ്പോൾ ഞങ്ങളെല്ലാം ബോട്ടിന്റെ മുൻപിലിരുന്നു കുമരകമൊക്കെ കണ്ടപ്പോൾ അരവിന്ദൻ അകത്തു ഏസിയിൽ ഇരുന്നു ഉറങ്ങി. ദാ ഇപ്പോഴും അത് തന്നെ പണി.
ഇടയ്ക്കൊന്നു എണീറ്റപ്പോൾ ആൾ കയ്യിലെ വാച്ചിൽ എന്തൊക്കൊയോ നോക്കിയിട്ടു ആ വശം കേരളം ഈ വശം തമിഴ്നാട് എന്ന കണ്ടുപിടുത്തം നടത്തി. ഞങ്ങളൊക്കെ അവനെ കളിയാക്കി കൊന്നു.നമ്മൾ കയറി വന്ന വഴി കേരളമാന്നെന്നു അറിയാൻ വാച്ച് നോക്കണ്ട കാര്യമില്ലലോ .(അഗസ്ത്യമല ഇരിക്കുന്നത് തമിഴ്നാട്ടിലാണ്. )
ഞങ്ങൾ ഒരു നൂറു ഫോട്ടോ എടുത്തപ്പോൾ മധു ചേട്ടൻ എടുത്തത് ഒരു വീഡിയോ മാത്രമാണ്. അതിൽ മധു ചേട്ടന്റെ കൂടെ വന്ന സുരേഷ് ചേട്ടൻ, ജൈസൺ ചേട്ടൻ, ജിസ്ബിൻ , ജിനേഷ് ചേട്ടൻ,
പിന്നെ ഞങ്ങൾ എല്ലാവരും ഉണ്ട്.
ഏതാണ്ടൊരു ഒന്നര മണിക്കൂർ മുകളിൽ ഇരുന്നു കൊതി തീർത്തിട്ട് ഞങ്ങൾ ഇറങ്ങി.വടത്തിലൂടെ ഇറങ്ങാൻ ആണ് കേറുന്നതിലും പാട്.അഗസ്ത്യമല അങ്ങനെ കീഴടക്കിയ സന്തോഷം എല്ലാവർക്കുമുണ്ട്. അതിന്റെ ഒരു ആവേശത്തിലാണ് ഇറക്കം.
‘
മധു ചേട്ടൻ ഒറ്റയാൻ ആണ് എന്ന് ഇറങ്ങിയപ്പോൾ മനസ്സിലായി. സിംഗിൾ ലൈഫ് ആളിങ്ങനെ അടിച്ചു പൊളിച്ചു നടക്കുകയാണ്.
“കാട്ടിൽ ഒരു ഒറ്റയാൻ മതി അതാണ് രാവിലെ കണ്ട ആന മാറിപ്പോയത് “
സുരെഷ്ട്ടന്റെ തഗ്.
മധു ചേട്ടൻ എങ്ങനെ സുരേഷ് ചേട്ടന്റെ കൂടെ വന്നു എന്ന് ചോദിച്ചപ്പോ
മധു ചേട്ടൻ പറഞ്ഞു .
“അവൻ എന്റെയും ബുക്ക് ചെയ്തു. എനിക്ക് പ്രായമൊന്നുമില്ലെങ്കിലും അവൻ എന്നെ അമ്മാവാ എന്നാ വിളിക്കുന്നേ “
ഞങ്ങൾ തമാശ ആണെന്നാണ് ഓർത്തത് പക്ഷേ , ശെരിക്കും സുരേഷേട്ടന്റെ അമ്മാവൻ ആണ് മധു ചേട്ടൻ.
ബ്രേക്ഫാസ്റ് കഴിച്ച സ്ഥലമെത്തിയപ്പോൾ ഞങ്ങൾ ഇരുന്നു വെള്ളമൊക്കെ നിറച്ചു. ഇനി കുറച്ചു നിരപ്പാണ്. അതു കഴിഞ്ഞു ഇറക്കം ഇറങ്ങിയപ്പോൾ രാവിലെ ഫോട്ടോ എടുത്ത അരുവിയെത്തി. അവിടെയും ഇരുന്നു. ബിസ്കറ്റ് എടുത്തു കഴിച്ചു. പുതിയൊരു പട്ടിയുമുണ്ട് കൂടെ അതിനു അരവിന്ദൻ “ജിമ്മിച്ചി” എന്ന് പേരിട്ടു .അവൾക്കും രണ്ടു ബിസ്കറ്റ് കൊടുത്തു.
സ്നോയി ബോണക്കാട് എത്തിയെന്നു ഞങ്ങൾ ഉറപ്പിച്ചു.അവനെ കാണുന്നേ ഇല്ല.
ഇനി രാവിലെ കയറിയ ഇല്ലികാടുകളാണ്. അതിലൂടെ നടന്നപ്പോൾ ആനയുടെ മണമൊക്കെ ഇടയ്ക്കു കിട്ടി.
ക്യാമ്പിൽ ചെന്ന ഉടനെ ചെന്ന് അരുവിൽ തണുത്ത വെള്ളത്തിൽ കിടക്കാനാണ് എന്റെയും ജെസ്വിൻറെയും പ്ലാൻ. കയറാൻ മൂന്നര മണിക്കൂർ എടുത്തെങ്കിൽ ഇറങ്ങാൻ രണ്ടര മണിക്കൂറേ വേണ്ടി വന്നുള്ളു .
ക്യാമ്പിൽ ചെന്നതും അരവിന്ദനും ക്രിസും കഞ്ഞി കുടിക്കാൻ പോയി. ഞാനും പ്രണവും ജെസ്വിനും കുളിക്കാൻ പോയി. അങ്ങനെ വെള്ളത്തിൽ മുങ്ങി കിടന്നപ്പോൾ കഞ്ഞി കുടിയും കഴിഞ്ഞു ക്രിസും അരവിന്ദും എത്തി.
തണുത്ത വെള്ളത്തിൽ കിടന്നു ഞങ്ങളുടെ ക്ഷീണമൊക്കെ പോയി.
ഇന്നലെ കണ്ട “മൊടയും” അവന്റെ കൂട്ടുകാരനും കുളിക്കാൻ വന്നു.
“കുളി കഴിഞ്ഞില്ലേ “
എന്നൊരു പരുക്കൻ ചോദ്യവും ചോദിച്ചു.
ഇവനെന്താ ഇത്ര ഗൗരവം ??
ഞങ്ങൾ കുളി കഴിഞ്ഞു വേഷം മാറിയപോ മൊട നാടൊക്കെ എവിടാ എന്നൊക്കെ ചോദിച്ചു
അപ്പൊ ഇവന് സമാധാനത്തിൽ ചോദിക്കാനും അറിയാം.
തിരിച്ചു ക്യാംപിലെത്തി കാന്റീനിലേക്ക് പോയി. മധു ചേട്ടൻ അപ്പോഴാണ് തിരിച്ചെത്തിയത്. ഞങ്ങളൊക്കെ ഒരുമിച്ചിരുന്നു കഞ്ഞി കുടിച്ചു. മധു ചേട്ടൻ രാത്രിയിലേക്ക് കൂടെ കഴിച്ചു.കഞ്ഞി ചോദിച്ചാൽ വീണ്ടും വീണ്ടും തരും. അത് മുതലാക്കി ഇന്നലെ രാത്രി രണ്ടു തമിഴ് അണ്ണന്മാർ ഒരു കഞ്ഞി വാങ്ങി രണ്ടു പേര് ചേർന്ന് കഴിച്ചു എന്ന് മധു ചേട്ടൻ പറഞ്ഞു.
കഞ്ഞി കുടി കഴിഞ്ഞപ്പോ മൂന്നരയായി. വൈകുന്നേരത്തെ കടി തയ്യാറായെങ്കിലും അതും കഴിച്ചേക്കാം എന്ന് കരുതിയപ്പോൾ അത് റെഡി ആയിട്ടില്ല.
“വൈകുന്നേരം ബോളി (ഇടുക്കിക്കാരുടെ ബോളി, ബാക്കിയുള്ളവരുടെ പഴംപൊരി ആണ് ) ആണെന്ന് തോന്നുന്നു “
മധു ചേട്ടൻ ആയതുകൊണ്ട് ഞങ്ങൾ വിശ്വസിച്ചില്ല. പക്ഷേ പുള്ളി വാഴക്ക കണ്ടു എന്നാണ് പറയുന്നേ .
കുറച്ചു റേഞ്ചോകെ പിടിച്ചു ഇരുന്നപ്പോൾ മധു ചേട്ടൻ കുളിക്കാൻ പോകുന്നു.
“ഒന്ന് കുളിച്ചേക്കാം അല്ലെങ്കിൽ പുഴയ്ക്കു എന്ത് തോന്നും, അല്ലാതെ എനിക്ക് വേണ്ടിയിട്ടല്ല “
എന്നും പറഞ്ഞാണ് ആൾ പോകുന്നത്.
അവിടെ ഒരാൾ പായും വിരിച്ചിട്ടു പുറത്തിരുന്നു എന്തോ സൗണ്ട് ഉണ്ടാക്കുന്നുണ്ട്. ആദ്യം അതൊരു പക്ഷിയുടെ ആണെന്നാണ് ഞങ്ങൾ കരുതിയെ.ഇതേ ആൾ തന്നെ രാവിലെ യോഗ ചെയ്യുന്നതും കണ്ടിരുന്നു.
മധു ചേട്ടൻ കുളിച്ചിട്ടു തിരികെ എത്തിയപ്പോൾ വാ മധു ചേട്ടാ നമ്മുക്കൊരു സെൽഫി എടുക്കാം എന്നും പറഞ്ഞു ഞങ്ങൾ വിളിച്ചു.
“ഓ അപ്പോ ഞാൻ ഇനി അത്രയും ദൂരം (5 മീറ്റർ ഉളളൂ ) കൂടെ നടക്കണം അല്ലേ “
ഒരുമിച്ചൊരു ഫോട്ടോയും എടുത്തു മധു ചേട്ടൻ പോയി. ക്യാമ്പിലെത്തി കിടന്നു. കൃത്യം നാലായപ്പോൾ എല്ലാവരും കൂടെ ചായ കുടിക്കാൻ പോയി. മറ്റേ ആൾ ഇപ്പോഴും അവിടിരുന്നു കിളിയുടെ ശബ്ദം ഉണ്ടാക്കുന്നുണ്ട്.
ചായയ്ക്ക് പഴം പൊരിയല്ല വാഴക്കാ ബജി ആണ്. എല്ലാവരും രണ്ടെണ്ണം വീതം കഴിച്ചു.
അരുവിയുടെ അടുത്ത് ഇന്നലെ ഇരുന്ന പാറയിലേക്ക് നടന്നു. അരവിന്ദും ക്രിസും അവിടുണ്ട്. ക്രിസ് അവിടെ അരുവിയിൽ നിന്ന് കല്ലുകൾ പെറുക്കി റോക്ക് ബാലൻസിംഗ് ചെയ്യുകയാണ്. ഞങ്ങളുടെ കൂടെ തൃശ്ശൂർ നിന്നും രണ്ടു ചേട്ടന്മാര് കൂടെ ഉണ്ട്. ജിമ്മിച്ചിയും അതിലെ നടക്കുന്നുണ്ട്.തൃശ്ശൂരുകാർ ഞങ്ങളുടെ പുറകെയാണ് രാവിലെ വന്നത്. അവരുടെ കൂട്ടത്തിൽ രണ്ടു പേര് കരടിയെ കണ്ടത്രേ. അവർ കരടിയെ കണ്ടു പേടിച്ചു തിരികെ ഇവരുടെ അടുത്തേക്ക് ഓടിവന്നു
കല്ലു പെറുക്കാൻ വീണ്ടും ക്രിസ് അരുവിയിലേക്ക് പോയി.
“NIT ൽ നിന്നും Mtech ഉം കഴിഞ്ഞു ജോലി ചെയുന്ന പയ്യനാ, കല്ലും നടക്കുന്നു “
ഒടുവിൽ ക്രിസ് ബാലൻസ് ചെയ്തു നിർത്തി. അതും അഗസ്ത്യമലയും കൂടെ ഫോട്ടോസ് എടുത്തു. അരവിന്ദ് ബുക്ക് വായിച്ചു ഇരിക്കുവായിരുന്നു. അവന്റെയും ഫോട്ടോസ് എടുത്തു. ബുക്ക് വായിക്കുന്നതായി ഭാവിച്ചു ഞാനും ഫോട്ടോ എടുത്തു.ജിമ്മിച്ചി അവസാനം അത് തട്ടി മറിച്ചിട്ടു.
ഇടയ്ക്കൊരു ശബ്ദം ഞാനും അരവിന്ദും കേട്ടു .ആനയുടെ ചിന്നംവിളിയാണോ അതോ വേറെ ഏതേലും ജീവിയുടെ ആണോ എന്ന് മനസിലായില്ല.
തിരികെ ക്യാമ്പിലെത്തി ചീട്ടുകളി തുടങ്ങി. പ്രണവിന് കളിക്കാൻ അറിയാത്തതുകൊണ്ട് ഞങ്ങൾ പ്രണവിനെ തോൽപ്പിച്ച്. പക്ഷേ ക്രിസ് പ്രണവിന്റെ കൂടെ ഇരുന്നു കളിച്ചു.അങ്ങനെ ഞങ്ങൾ എല്ലാവരും മാറി മാറി “കഴുത” ആയി.
ഇരുട്ട് വീണപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. എല്ലാവരും കഞ്ഞി റെഡി ആവാൻ വെയിറ്റ് ചെയ്യുകയാണ്.
ജൈസൺ ചേട്ടൻ തീക്കോയിയിൽ നിന്നാണ്. എന്റെ ബന്ധുക്കൾ അവിടുന്നുണ്ട്. ജൈസൺ ചേട്ടന് അവരെയൊക്കെ അറിയാം. ജിനേഷ് ചേട്ടൻ മലേഷ്യയിൽ ആയതുകൊണ്ട് പപ്പുവാ ഗുനിയയിൽ കൊക്കോട ട്രെയിലിനു പോകാൻ ഞാൻ ഉപദേശിച്ചു.
കഞ്ഞി റെഡി ആയപ്പോൾ അവർ കഴിക്കാൻ കയറി. മധു ചേട്ടൻ ഉച്ചയ്ക്ക് നല്ലപോലെ കഴിച്ചോണ്ട് ഇനി രാത്രി കഞ്ഞി വേണ്ടാ എന്നും പറഞ്ഞു ഉള്ള മുണ്ടൊക്കെ എടുത്തു പുതച്ചു കിടന്നുറങ്ങുവാണു . മധു ചേട്ടൻ ഉണ്ടായിരുന്നെകിൽ ഒരു ഓളമൊക്കെ ഉണ്ടായേനെ.
ഞങ്ങൾക്ക് വിശപ്പില്ലാത്തതുകൊണ്ട് എട്ടുമണി ആയപ്പോഴാണ് കഴിച്ചത്. കഞ്ഞി കുടിച്ചു മടുത്തു ഞങ്ങൾ. തിരികെ ചെല്ലുമ്പോൾ ബീഫും പൊറോട്ടയും കഴിക്കണമെന്നാണ് അരവിന്ദ് പറയുന്നത്.
വിതുരയിൽ ഞാനും അരവിന്ദും പണ്ട് പൊന്മുടി പോയപ്പോൾ കഴിച്ച ഒരു ഹോട്ടലുണ്ട്.അവിടെ പോകാം എന്നായി പ്ലാൻ.
അടുത്തുള്ള ചേട്ടന്റെ ഹൈ ബാസ്സ് കൂർക്കം വലി സഹിക്കാൻ വയ്യാതെ തണുപ്പ് വന്നാൽ ചെവിയിൽ വയ്ക്കാൻ കൊണ്ടുവന്ന കോട്ടൺ അരവിന്ദ് ചെവിയിൽ തിരുകി . ഇന്നലെത്തേക്കാളും തണുപ്പ് ഇന്ന് കുറവാണ്. കാറ്റുമില്ല. ഇന്നലെ വാതിലിന്റെ അടുത്ത് കിടന്നതുകൊണ്ട് തണുപ്പ് കൂടുതൽ ആയിരുന്നു. കൂടാതെ വാതിൽ രാത്രിയിൽ ആരെങ്കിലും തുറക്കുന്നതിന്റെ ശബ്ദവും ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ പായ ക്യാമ്പിൽ ഒരു മൂലയിലേക്ക് മാറ്റി.
കഞ്ഞി കുടി കഴിഞ്ഞു വന്നതും എനിക്ക് നല്ല ഉറക്കം വന്നു. ഞാൻ കിടക്കുവാ എന്ന് പറഞ്ഞു അഞ്ചു മിനിറ്റിൽ ഞാൻ ഉറങ്ങി.

3 rd part eathuvare vanilla
ReplyDeletehttps://ml.solotravelstories.com/2022/02/agasthyarkoodam-trekking-2-base-camp-to_19.html
Delete